ചാലക്കുടി- പരിയാരം തവളപ്പാറയിൽ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്തിരുന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി നാടുവിട്ടതായി സൂചന. അങ്കമാലി സ്വദേശി ചക്കര ജോണാണ് നാടുവിട്ടതെന്ന് സംശയിക്കുന്നത്. യു.എ.ഇ, തായ്‌ലാന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ വിസ ഇയാളുടെ പേരിലുണ്ട്. ഇയാൾക്കായി ലുക്കൗട്ട്് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചു. അങ്കമാലി നായത്തോട് സ്വദേശി വീരംപറന്പിൽ അപ്പുവിൻറെ മകൻ രാജീവി(46)നെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചക്കര ജോൺ. രാജീവിനെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ നാലു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പ്രമുഖ അഭിഭാഷകൻ സി.പി ഉദയഭാനുവിനും പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. ഇക്കാര്യം അന്വേഷിക്കുമെന്ന് റൂറൽ പോലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചു. ഉദയഭാനുവിൽനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജീവ് മൂന്നു മാസം മുമ്പ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് രാജീവിനെ കൊലപ്പെടുത്തിയത്. രാവിലെ 11 മണിയോടെ രാജീവ് പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന സ്ഥലത്തിൻറെ രണ്ട് പറന്പ് അപ്പുറത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കൈകൾ ബന്ധിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ ഒൻപതുമണിയോടെ പറമ്പിൽ പണിക്കുവന്ന തൊഴിലാളികൾ വഴിയിൽ സ്‌കൂട്ടർ മറിഞ്ഞുകിടക്കുന്നതു കണ്ടു. രണ്ടു ചെരിപ്പും സ്‌കൂട്ടറിനു സമീപം കിടന്നിരുന്നു. പറന്പിലും ജോയിയുടെ താമസസ്ഥലത്തും തിരക്കിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതിനെത്തുടർന്ന് തൊഴിലാളികൾ നായത്തോടുള്ള വീട്ടിലേക്കു വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ മകൻ അഖിൽ സംശയം തോന്നി പോലീസിൽ പരാതി നൽകി. ഇതിനെത്തുടർന്ന് എസ്‌ഐ ജയേഷ് ബാലന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഡിവൈഎസ്പി സി.എസ്. ഷാഹുൽ ഹമീദിനും സിഐ വി.എസ്. ഷാജുവിനും ഫോൺകോൾ വന്നത്. മൃതപ്രായനായ രാജീവ് ആളൊഴിഞ്ഞ കെട്ടിടത്തിൽ കിടക്കുന്നുണ്ടെന്നായിരുന്നു ഫോൺകോൾ. ഇതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് രാജീവ് കൈകൾ ബന്ധിച്ചനിലയിൽ മരിച്ചുകിടക്കുന്നതു കണ്ടത്.
ഡിവൈഎസ്പിയെ ഫോണിൽ വിളിച്ചതു കൊച്ചിയിലെ പ്രമുഖ അഭിഭാഷകനായ സി.പി. ഉദയഭാനുവും സിഐയെ ഫോണിൽ വിളിച്ചത് അത്താണി സ്വദേശി ചക്കര ജോണിയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.
രാജീവിന്റെ തലയിൽ ചെറിയ മുറിവുമാത്രമേ ഉണ്ടായിരുന്നുള്ളൂ. തൃശൂർ എസ്പി യതീഷ് ചന്ദ്ര, ചാലക്കുടി ഡിവൈഎസ്പി സി.എസ്. ഷാഹുൽ ഹമീദ്, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീൻ, ചാലക്കുടി സിഐ വി.എസ്. ഷാജു, മാള സിഐ റോയ്, കൊടകര സിഐ സുമേഷ്, പുതുക്കാട് സിഐ സുധീരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പ്രതികൾക്കുവേണ്ടി വ്യാപകമായ അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും ഫിംഗർ പ്രിൻറ്, ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ഉച്ചകഴിഞ്ഞ് 2.45നുതന്നെ നാലു പ്രതികളെ പോലീസിനു കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞുവെന്ന് എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.
രാജീവിന്റെ കൊലപാതകം നേരത്തേതന്നെ ആസൂത്രണം ചെയ്തതായി പോലീസ് കരുതുന്നു. രാജീവിന്റെ മൃതദേഹം കണ്ടെത്തിയ കെട്ടിടം കഴിഞ്ഞ ഓഗസ്റ്റ് 24-ന് ചക്കര ജോണിയുടെ സംഘം വാടകയ്ക്ക് എടുത്തിരുന്നു.
16 ഏക്കർ വരുന്ന കൃഷിസ്ഥലത്തുള്ള വീട്ടിൽ ഒറ്റയ്ക്കാണ് രാജീവ് താമസിച്ചിരുന്നത്. രാവിലെ ചായ കുടിക്കാൻ പുറത്തുപോയ സമയത്ത് നാലംഗ സംഘം രാജീവിനെ ബലം പ്രയോഗിച്ച് ഒരു ഓട്ടോറിക്ഷയിൽ കയറ്റി 500 മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലേക്കു കൊണ്ടുപോകുകയായിരുന്നു. ഇവിടെവച്ച് രാജീവിൻറെ കൈകൾ കെട്ടി ഏതോ രേഖകളിൽ ഒപ്പിടുവിക്കാനുള്ള ശ്രമായിരുന്നു. ഇതിനിടയിലാണ് രാജീവ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
മദ്യലഹരിയിലായിരുന്ന പ്രതികൾ സംഭവത്തിനുശേഷം കൊലപാതക വിവരം ഉദയഭാനുവിനേയും ചക്കര ജോണിയേയും അറിയിച്ചിരുന്നു. കൊലപാതകത്തിനുശേഷം സ്ഥലം വിട്ട പ്രതികൾ വീണ്ടും തിരിച്ചുവന്ന് രാജീവ് മരിച്ചതായി ഉറപ്പു വരുത്തിയെന്നും പോലീസ് പറഞ്ഞു. പ്രതികൾ വാഹനത്തിൽ വന്നുപോകുന്നതു പരിസരവാസികളിൽ ഒരാൾ കണ്ടിരുന്നു.
അഭിഭാഷകനായ ഉദയഭാനുവുമായും ചക്കര ജോണിയുമായും രാജീവിനു റിയൽ എസ്റ്റേറ്റ് പണമിടപാടുകൾ ഉണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇവരിൽനിന്നും കോടിക്കണക്കിനു രൂപ രാജീവ് അഡ്വാൻസ് വാങ്ങിയിരുന്നു. ഇടപാട് നടത്താനായില്ലെങ്കിലും പണം തിരിച്ചുകൊടുത്തിരുന്നില്ല. ഉദയഭാനുവിനു മൂന്നുകോടി രൂപയും ചക്കര ജോണിക്ക് 70 ലക്ഷം രൂപയും രാജീവ് കൊടുക്കാനുണ്ടെന്നു പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതേച്ചൊല്ലി രാജീവിനു ഭീഷണി ഉണ്ടായിരുന്നു. നേരത്തെ പോലീസ് സംരക്ഷണത്തിനായി രാജീവ് ഹൈക്കോടതിയിൽ ഹർജി നൽകി ഉത്തരവ് സമ്പാദിച്ചിരുന്നു. ഇതിനുശേഷവും ഏതാനും മാസം മുമ്പ് ഭീഷണിയെത്തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. അഭിഭാഷകനും ചക്കര ജോണിയുമാണ് ഗുണ്ടാസംഘത്തെ നിയോഗിച്ചതെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാൾ ചക്കര ജോണിയുടെ ഭാര്യാസഹോദരനാണ്. മറ്റുള്ളവർ ചാലക്കുടി, കൊരട്ടി പ്രദേശത്തുള്ളവരാണ്.
പ്രതികളെ അറസ്റ്റു ചെയ്തുവെങ്കിലും പേരുകൾ വെളിപ്പെടുത്താൻ പോലീസ് തയാറായിട്ടില്ല. പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടക്കാനുള്ളതുകൊണ്ടാണ് പേരുവെളിപ്പെടുത്താതെന്നു പോലീസ് പറഞ്ഞു. പ്രതികളെ സംഭവസ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.