കാളികാവ് - കാളികാവ് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുന്നതിനിടെ സി.പി.എം ലോക്കൽ സെക്രട്ടറി മുഖേന പഞ്ചായത്ത് പ്രസിഡന്റ് എൻ. സൈതാലി കൊടുത്തുവിട്ട രാജിക്കത്ത് റിട്ടേണിംഗ് ഓഫീസർ അംഗീകരിച്ചില്ല.
സി.പി.എമ്മന് എട്ടും കോൺഗ്രസിന് ആറും മുസ്‌ലിം ലീഗിന് അഞ്ചുമാണ് കാളികാവ് ഗ്രാമപഞ്ചായത്തിലെ കക്ഷി നില. സി.പി.എമ്മും മുസ്‌ലിം ലീഗും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഈ ഭരണസമിതിയുടെ ആദ്യ ടേമിൽ ഒമ്പതു മാസം സി.പി.എം അംഗം എൻ. സൈതാലി പ്രസിഡന്റായി. പിന്നീട് ലീഗും കോൺഗ്രസും തർക്കം തീർത്ത് യോജിപ്പിലെത്തി. ആദ്യ ടേമിൽ ലീഗിന് ഒരു വർഷവും പിന്നീട് കോൺഗ്രസിന് 26 മാസവും അവസാനത്തെ ഒരു വർഷം വീണ്ടും ലീഗിനു തന്നെ പ്രസിഡന്റ് പദവി നൽകാനുമായിരുന്നു ധാരണ.
ഇതു പ്രകാരം ലീഗ് അംഗം വി.പി.എ നാസർ ഈ ഭരണസമിതിയുടെ രണ്ടാമത്തെ പ്രസിഡന്റായി. ഒരു വർഷത്തിനു ശേഷം ഇദ്ദേഹം രാജിവെക്കുകയും കോൺഗ്രസ് അംഗം കെ.നജീബ് ബാബു പ്രസിഡന്റാവുകയും ചെയ്തു. യു.ഡി.എഫ് ധാരണ പ്രകാരം 2019 ഒക്ടോബറിൽ ലീഗ് അംഗം വി.പി.എ നാസറിനു വീണ്ടും പ്രസിഡന്റാകുന്നതിനു വേണ്ടി കോൺഗ്രസ് അംഗമായ പ്രസിഡന്റ് കെ.നജീബ് ബാബു രാജിവെച്ചിരുന്നു. എന്നാൽ നജീബ് ബാബു അടക്കം മൂന്നു കോൺഗ്രസ് അംഗങ്ങൾ കൂറുമാറി സി.പി.എമ്മിന് അനുകൂലമായി നിലപാടെടുത്തു. ഇതോടെ വീണ്ടും സി.പി.എം അംഗം എൻ. സൈതാലി പ്രസിഡന്റാവുകയായിരുന്നു. കൂറു മാറിയവർ വീണ്ടും യു.ഡി.എഫിനോടൊപ്പം ചേർന്നതോടെയാണ് അവിശ്വാസത്തിനു കളമൊരുങ്ങിയത്. സി.പി.എം അംഗങ്ങൾ ആരും അവിശ്വാസ പ്രമേയ യോഗത്തിൽ പങ്കെടുത്തില്ല. യു.ഡി.എഫിലെ പതിനൊന്ന് അംഗങ്ങളും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നിലപാടെടുത്തതോടെ ഏകപക്ഷീയമായി പ്രമേയം പാസായി. ഇരുപത് ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. കാളികാവ് പോലീസ് ഇൻസ്‌പെക്ടർ പി. ജ്യോതീന്ദ്രകുമാർ, കരുവാരകുണ്ട് ഐ.പി സജിത്ത്, വണ്ടൂർ സി.ഐ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തിലാണ് അവിശ്വാസ പ്രമേയ ചർച്ച നടന്നത്.