മലപ്പുറം- ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമര പോരാട്ടങ്ങളെ ഇതിവൃത്തമാക്കി നിർമിക്കുമെന്ന് പ്രഖ്യാപിച്ച ചലച്ചിത്രത്തിനെതിരെ സംഘ്പരിവാർ നടത്തുന്ന നീക്കത്തെ ചെറുക്കണമെന്ന് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മായ ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ ആവശ്യപ്പെട്ടു. സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ നടൻ പൃഥ്വിരാജിനെ ഭീഷണിപ്പെടുത്താനുള്ള സംഘ്പരിവാർ നീക്കം സാംസ്‌കാരിക കേരളം ചെറുത്തു തോൽപിക്കണം. സാമ്രാജ്യത്വ ശക്തികളെ താലോലിച്ച് സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള സംഘ്പരിവാർ എക്കാലവും
ഇത്തരം പ്രതിലോമ പ്രവർത്തനങ്ങൾ മാത്രം നടത്തി ശീലിച്ചവരാണ്. വാരിയംകുന്നത്തിനെ പോലെ രാജ്യത്തിനായി ജീവിച്ചു മരിച്ച രക്തസാക്ഷികൾ ഓർമിക്കപ്പെടുന്നതിന് ഗാന്ധിജിയുടെ ഘാതകരായ സംഘ്പരിവാറിന്റെ സാക്ഷ്യപത്രം ആവശ്യമില്ലെന്നും കുടുംബ കൂട്ടായ്മ വ്യക്തമാക്കി. പ്രസിഡന്റ് സി.പി ഇബ്രാഹിം ഹാജി വള്ളുവങ്ങാട് ആധ്യക്ഷത വഹിച്ചു. സി.പി ചെറീത് ഹാജി, ഇസ്മായിൽ, കുഞ്ഞിമുഹമ്മദ്, കുട്ടിമോൻ, മുഹമ്മദലി, കുഞ്ഞാപ്പ, ഷുക്കൂർ, അബ്ദുൽ വഹാബ്, ബഷീർ, സുഹൈൽ, അൻവർ സാദത്ത്, ഇബ്രാഹിം, ജലീൽ എന്നിവർ പ്രസംഗിച്ചു.