കൊച്ചി - ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ മലബാറിലെ വീരേതിഹാസമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ പൃഥ്വിരാജിനും സംവിധായകൻ ആഷിഖ് അബുവിനുമെതിരെ സൈബർ ആക്രമണം. ബി.ജെ.പി, ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘ്പരിവാർ സംഘടനകളുടെ നേതാക്കൾ സിനിമക്കും അണിയറക്കാർക്കുമെതിരെ മുന്നറിയിപ്പും ഭീഷണിയുമായി രംഗത്തെത്തി. കെ.പി ശശികല മുതൽ സന്ദീപ് വരെയുള്ളവർ 2021 ൽ ഷൂട്ടിംഗ് നടക്കാനിരിക്കുന്ന സിനിമക്കെതിരെ പരസ്യമായി രംഗത്തു വന്നു.
വാരിയംകുന്നൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ പൃഥ്വിരാജ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ റോളിൽ. ഉണ്ട എന്ന സിനിമയുടെ രചയിതാവ് ഹർഷദും നവാഗതനായ റമീസും ചേർന്നാണ് തിരക്കഥ.
സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ റിലീസ് ചെയ്ത പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ള സംഘ്പരിവാർ കേന്ദ്രങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെയും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അധിക്ഷേപിക്കുന്ന തരത്തിലും കുപ്രചാരണങ്ങൾ തുടങ്ങിയത്. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, മിഥുൻ മാനുവൽ തോമസ് തുടങ്ങിയ സിനിമാ പ്രവർത്തകർ സിനിമയെ പൂർണമായും പിന്തുണച്ചും രംഗത്തെത്തി.
ബ്രിട്ടീഷ് വാഴ്ചക്കെതിരെ സാധാരണ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിച്ച നേതാവാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ നിന്നാണ് വാരിയംകുന്നത്ത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായത്. 1921 ലെ മലബാർ കലാപത്തിന്റെ നൂറാം വാർഷികമായ 2021 ൽ ചിത്രീകരണം തുടങ്ങുമെന്നാണ് ആഷിഖ് അബു-പൃഥ്വിരാജ് ടീമിന്റെ പ്രഖ്യാപനം. ഇതിനിടെ പി.ടി കുഞ്ഞുമുഹമ്മദും വാരിയംകുന്നത്തിന്റെ പേരിൽ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി നേതാവ് കൂടിയായ സംവിധായകൻ അലി അക്ബർ വാരിയംകുന്നത്തിനെ വില്ലനാക്കി സിനിമയെടുക്കുമെന്നും പ്രഖ്യാപിച്ചു.
സിനിമക്കെതിരായ സംഘ്പരിവാർ നീക്കം ചെറുക്കണം -വാരിയംകുന്നൻ കുടുംബം
അതേസമയം, വാരിയൻകുന്നൻ സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉണ്ടായ സൈബർ ആക്രമണം പ്രതീക്ഷിച്ചതാണെന്ന് ആഷിഖ് അബു പറഞ്ഞു. ആസൂത്രിതമായി തന്നെ എല്ലാ തരത്തിലുള്ള രേഖകളും മായ്ക്കപ്പെട്ടിട്ടുള്ള ചിത്രം മലബാർ വിപ്ലവത്തിനുണ്ട്. അതുകൊണ്ട് തന്നെ സിനിമ പ്രഖ്യാപിക്കുമ്പോൾ ഇത്തരമൊരു ബഹളം പ്രതീക്ഷിച്ചിരുന്നു. പൃഥ്വിരാജിനെയോ തന്നെയോ റിമയെയോ ഇത് ബാധിക്കില്ല. ഒന്നിലധികം സിനിമകൾ ഉണ്ടാകണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
ഒരുപാട് ഗൂഢാലോചനകൾ നടന്നിട്ടുള്ള, പലതും മായ്ക്കപ്പെട്ടിട്ടുള്ള, പലതും എഴുതിച്ചേർക്കപ്പെട്ടിട്ടുള്ള കാലഘട്ടത്തെക്കുറിച്ച് പല തരത്തിലുള്ള വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്. ഞങ്ങളുടെ കാഴ്ചപ്പാടിലായിരിക്കും ഞങ്ങൾ ഈ സിനിമയെ സമീപിക്കുന്നത്. ഞങ്ങൾ ഈ സിനിമയെ കാണുന്നത് പോലെയാകില്ല പി.ടി കുഞ്ഞുമുഹമ്മദ് സാറ് ഈ സിനിമയെ കാണുന്നത്. ലഹള എന്ന പദം തന്നെ ബ്രിട്ടീഷ് ആഖ്യാനമായാണ് ഞങ്ങൾ മനസിലാക്കുന്നതെന്നും ആശിഖ് അബു പറഞ്ഞു.