ജിദ്ദ - കോവിഡിന്റെ ഭീഷണിയിൽ കഴിയുന്ന പ്രവാസികളുടെ മടക്ക യാത്രക്ക് ദിനേന പുതിയ നിയമങ്ങൾ വഴി പ്രതിസന്ധി സൃഷ്ടിക്കുന്ന നീക്കങ്ങൾ സർക്കാരുകൾ അവസാനിപ്പിക്കണമെന്ന് സൗദി ഐ.എം.സി.സി ആവശ്യപ്പെട്ടു.
പ്രവാസികളുടെ ജീവൻ കൊണ്ട് രാഷ്ട്രീയം കളിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നീക്കങ്ങൾ പ്രവാസികളെ കൂടുതൽ ദുരിതത്തിലേക്കു തള്ളി നീക്കുകയാണ്.
മാസങ്ങളായി ജോലി നഷ്ടപ്പെട്ടവരും രോഗികളുമായ നിരവധി പ്രവാസികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രഖ്യാപിച്ച വന്ദേ ഭാരത് പദ്ധതി വഴി നാടണയാനുള്ള അവസരം വളരെ വിരളമാണെന്ന തിരിച്ചറിവാണ് സംഘടനകൾ ചാർട്ടർ ചെയ്യുന്ന വിമാനങ്ങളെ ആശ്രയിക്കാൻ കാരണം. ടിക്കറ്റ് നിരക്ക് വളരെ കൂടുതലായിട്ടും പരസഹായത്തോടെയാണ് പലരും ടിക്കറ്റിനുള്ള പണം കണ്ടെത്തുന്നത്. പ്രവാസികളുടെ പേരിലുള്ള കോടിക്കണക്കിനു റിയാൽ വിനിയോഗിക്കാതെയുള്ള സാഹചര്യത്തിലാണ് പ്രവാസികൾ യാത്രക്ക് ഇത്രയും പ്രയാസപ്പെടുന്നതെന്നു സർക്കാരുകൾ കാണാതെ പോവുന്നു.
പ്രവാസികളുടെ കൂട്ടത്തോടെയുള്ള തിരിച്ചു വരവ് രാജ്യത്ത് വലിയ തോതിൽ കോവിഡ് വ്യാപനം ഉണ്ടാക്കുമെന്ന സർക്കാരിന്റെ ആശങ്ക മുഖവിലക്കെടുമ്പോൾ തന്നെ പ്രവാസികളുടെ സാഹചര്യം കൃത്യമായി മനസ്സിലാക്കി അവരെ നാട്ടിലെത്തിക്കാനുള്ള പ്രായോഗിക നീക്കങ്ങൾ സർക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാവണം.
പ്രവാസികളുടെ യഥാർത്ഥ സാഹചര്യം മനസ്സിലാക്കാൻ നോർക്കയുടെയും ലോക കേരള സഭയുടെയും കാര്യക്ഷമമായ ഇടപെടൽ കുറേകൂടി കാര്യക്ഷമമാക്കേണ്ടതുണ്ട്. യാത്രക്ക് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കേ യാത്രാനുമതി നൽകൂ എന്ന സർക്കാരിന്റെ പുതിയ വ്യവസ്ഥ പ്രവാസികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.
കേരള സർക്കാർ നിർദ്ദേശിച്ച ട്രൂനാറ്റ് ടെസ്റ്റ് സ്വീകാര്യമല്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിന്റെ പശ്ചാത്തലത്തിൽ 25 നു ശേഷം യാത്രക്കൊരുങ്ങിയ പ്രവാസികളുടെ കാര്യത്തിൽ പ്രായോഗികമായ നടപടികൾ സർക്കാരിൽ നിന്ന് ഉടനെ ഉണ്ടാവണമെന്ന് സൗദി ഐ എം സി സി നേതാക്കളായ എ.എം അബ്ദുല്ലകുട്ടി, ഹനീഫ് അറബി, നാസർ കോർമത്തൊടി, മുഫീദ് കൂരിയാട് എന്നിവർ പ്രസ്താവനയിൽ മുഖ്യമന്ത്രിയോടും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയോടും ആവശ്യപ്പെട്ടു.