ജിദ്ദ- പ്രവാസി സാംസ്‌കാരിക വേദിയുടെ ചാർട്ടേർഡ് വിമാനം കേരളത്തിലെ നാല് വിമാന താവളങ്ങളിലേക്കും ജൂലൈയിൽ സർവീസ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജൂലൈ ആദ്യ വാരത്തിൽ ജിദ്ദയിൽ നിന്നും ആരംഭിക്കുന്ന സർവീസിന്റെ ബുക്കിംഗ് ആരംഭിച്ചു. മറ്റു നിയമ നടപടികൾ ദ്രുതഗതിയിൽ നടന്നുവരുന്നതായി ഇതിനായി രൂപീകരിച്ച സബ് കമ്മിറ്റി കൺവീനർ മുഹമ്മദലി ഓവുങ്ങൽ അറിയിച്ചു. അടിക്കടി ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന പുതിയ നിർദ്ദേശങ്ങളും മാറ്റങ്ങളും യാത്രക്കാരിലും സംഘാടകരിലും ഒരുപോലെ ആശങ്ക ഉളവാക്കുന്നതായി അദ്ദേഹം പറഞ്ഞു.
എങ്കിലും പ്രവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സമ്മർദ്ദങ്ങളും തൊഴിൽപരമായും സാമ്പത്തികമായുമുളള ദുരിതങ്ങളും കണ്ടില്ലെന്ന് നടിക്കാൻ സന്നദ്ധ സംഘടനകൾക്കാവില്ല. അത് കൊണ്ടു തന്നെയാണ് ചാർട്ടർ ഫ്‌ളൈറ്റ് വഴിയെങ്കിലും ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ദൗത്യം പ്രവാസി സാംസ്‌കാരിക വേദി ഏറ്റെടുത്തത്. സോഷ്യൽ ഡിസ്റ്റൻസ് കൃത്യമായി പാലിച്ചു കൊണ്ടുള്ള സൗദിയയുടെ ജംബോ ജെറ്റ് വിമാനങ്ങളായിരിക്കും എല്ലാ സർവീസുകളിലും ഉപയോഗപ്പെടുത്തുക എന്നും അദ്ദേഹം പറഞ്ഞു.