Sorry, you need to enable JavaScript to visit this website.

ഉത്രയെ കൊല്ലാനാണ് മൂര്‍ഖനെന്ന് സുരേഷിന് അറിയാമായിരുന്നു

കൊല്ലം- ഉത്രയെ കൊല്ലാന്‍ സൂരജ്  മൂര്‍ഖനെ ഉപയോഗിക്കുമെന്ന്  പാമ്പിനെ വിറ്റ സുരേഷ് അറിഞ്ഞിരുന്നതായി വനംവകുപ്പ്്.    10,000 രൂപയ്ക്കാണു മൂര്‍ഖനെ നല്‍കിയത്. ഉത്ര കൊല്ലപ്പെട്ടെന്ന് അറിഞ്ഞിട്ടും സുരേഷ് പൊലീസില്‍ അറിയിച്ചിരുന്നില്ല. ലഹരി മരുന്നുകളുടെ നിര്‍മാണത്തിനു പാമ്പിന്‍വിഷം ഉപയോഗിക്കുന്ന സംഘങ്ങളുമായും ചെറുപാമ്പുകളെ ഉപയോഗിച്ചു നാക്കിലും മറ്റും കൊത്തിച്ചു ലഹരി പകരുന്ന മാഫിയയുമായും സുരേഷ് ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 3 ദിവസത്തിനു ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം തുടരുമെന്നു റേഞ്ച് ഓഫിസര്‍ ബി.ആര്‍. ജയന്‍ അറിയിച്ചു.
ഉത്രയുടെയും സൂരജിന്റെയും വീടുകളിലെ മുറികളിലേക്കു പാമ്പുകള്‍ക്കു സ്വമേധയാ കടക്കാന്‍ സാഹചര്യമില്ലെന്ന് എട്ടംഗ വിദഗ്ധ സമിതി വിലയിരുത്തി. ഇരുവീടുകളിലും പരിശോധന നടത്തിയ ശേഷമാണു സമിതിയുടെ കണ്ടെത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് മെഡിസിന്‍  മേധാവി ഡോ. ശശികല, ഡോ.മാവിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. റിപ്പോര്‍ട്ട് ഉടന്‍ പോലീസിനു കൈമാറും.

ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ ജനല്‍ വഴി പാമ്പ് കടന്നെന്നാണു സൂരജ് നല്‍കിയ മൊഴി. എന്നാല്‍ ജനലിലൂടെയോ വാതിലിലൂടെയോ കടക്കാന്‍ മൂര്‍ഖനു കഴിയില്ല.  അഞ്ചടിയോളം നീളമുള്ള മൂര്‍ഖനാണ് ഉത്രയെ കടിച്ചത്. മിനുസമേറിയ ടൈല്‍ പാകിയ തറയിലേക്ക് പാമ്പ് സ്വമേധയാ എത്തില്ല. സൂരജിന്റെ അടൂര്‍ പറക്കോടുള്ള വീട്ടിലെ രണ്ടാം നിലയില്‍ വച്ചാണ് ഉത്രയെ അണലി കടിച്ചത്. ഉയരത്തിലേക്ക് ഇഴഞ്ഞു നീങ്ങുന്ന പാമ്പല്ല അണലി.

ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്റെയും (ന്യൂറോടോക്‌സിക് വെനം) അണലിയുടെ(ഹിമോടോക്‌സിക് വെനം)യും വിഷസാന്നിധ്യം ഉണ്ട്. എസ്.പി ഹരിശങ്കറിന്റെ സാന്നിധ്യത്തില്‍ സമിതിയുടെ യോഗവും നടന്നു.  വനം വകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ അന്‍വര്‍, ഡോ.ജോസഫ് കെ.ജോസഫ്, ഡോ.കിഷോര്‍, ഡോ.ജേക്കബ് അലക്‌സാണ്ടര്‍, ഡോ.ലോറന്‍സ്, ഡോ.രാകേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

 

Latest News