ന്യൂദല്‍ഹി- പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് ഏര്‍പ്പെടുത്തണമെന്ന കേരളസര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്രം. എംബസികളുമായി നടത്തിയ ആശയവിനിമത്തിന്റെ അടിസ്ഥാനത്തില്‍ ഈ നിര്‍ദേശം അപ്രായോഗികമാണെന്ന വിലയിരുത്തലിലാണ് തള്ളിയത്. ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ അംഗീകാരമില്ലെന്ന് വ്യക്തമാക്കിയതായും വിദേശകാര്യമന്ത്രാലയം കേരളത്തിന്റെ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.
നിലവില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ടെന്ന് യുഎഇ വ്യക്തമാക്കി.കോവിഡ് ബാധിതനായ ഒരാളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് യുഎഇയിലെ നിയമം. ട്രൂനാറ്റ് പരിശോധന നടത്തില്ലെന്നും കോവിഡ് സ്ഥിരീകരിച്ച പ്രവാസികള്‍ക്കായി പ്രത്യേക വിമാനം അനുവദിക്കില്ലെന്നും യുഎഇ അറിയിച്ചതായും വിദേശകാര്യമന്ത്രാലയം പറയുന്നു.
അതേസമയം രണ്ട് വിമാനക്കമ്പനികള്‍ ടെസ്റ്റ് നടത്തുന്നതായും ഇന്ത്യയിലേക്കുള്ള വിമാനങ്ങളിലെ യാത്രികര്‍ക്ക് ഈ പരിശോധന നടത്താമെന്ന് കുവൈത്ത് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള വലിയ ചിലവ് യാത്രികര്‍ വഹിക്കണമെന്നും കുവൈത്ത് അറിയിച്ചിട്ടുണ്ട്. അതേസമയം സൗദിയും ബഹ്‌റൈനും ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്ന നിലപാടിലാണെന്നും വിദേശകാര്യമന്ത്രാലയം കത്തില്‍ പറയുന്നു.