കൊച്ചി- അങ്കമാലിയില്‍ പിതാവ് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. കുഞ്ഞ് അല്‍പ്പസമയം കണ്ണ് തുറന്നതായി ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു. ഇന്നലെ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ ശരീരം പ്രതികരിച്ചു തുടങ്ങിയിരുന്നു. കൈകാലുകള്‍ ചലിപ്പിക്കാനുള്ള ശ്രമവും നടത്തി. തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലാണ് പെണ്‍കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നത്. അബോധാവസ്ഥയിലായ കുട്ടിയ്ക്ക് പലതവണ അപസ്മാരവും വന്നിരുന്നു.
ഇന്നലെ തലച്ചോറിലെ ശസ്ത്രിക്രിയക്ക് ശേഷം 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. ശസ്ത്രക്രിയക്ക് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കുട്ടി കണ്ണ് തുറക്കാനും കരയാനും ശ്രമിച്ചിരുന്നു. കൈകാലുകള്‍ ചലിപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെ കണ്ണുകള്‍ തുറന്നു ശക്തമായി കരയുകയും ചെയ്തതായാണ് ഡോക്ടര്‍ അറിയിച്ചത്.കൂടാതെ ഹൃദയമിടിപ്പും സാധാരണഗതിയിലായിട്ടുണ്ട്.
ഇതേ രീതിയില്‍ 48 മണിക്കൂറിനിടെ കൂടുതല്‍ പ്രതികരണം ഉണ്ടായലാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. ജൂണ്‍ 18നാണ് പെണ്‍കുട്ടിയായതിനാല്‍ 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പിതാവ് കാലില്‍ പിടിച്ച് ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. തലക്ക് പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിതാവ് ഷൈജു തോമസിനെ കോടതി റിമാന്റ് ചെയ്തു.