റിയാദ്- കോവിഡ് പ്രതിസന്ധിയില്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് നല്‍കിവരുന്ന മികച്ച പരിരക്ഷക്ക് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സൗദി വിദേശമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനെ നന്ദി അറിയിച്ചു.
കോവിഡ് കാലത്തും വ്യാപാര പ്രതിബദ്ധത നിലനിര്‍ത്താന്‍ സാധിച്ചതിനെ കുറിച്ചും ഉഭയകക്ഷി ബന്ധത്തെ കുറിച്ചും സൗദി മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളിലും ഉയര്‍ന്നുവന്നിരിക്കുന്ന ആരോഗ്യ ആവശ്യങ്ങളെ കുറിച്ചും സൗദി, ഇന്ത്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്കുപുറമെ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മലേഷ്യ മന്ത്രിമാരുമായും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ടെലിഫോണ്‍ സംഭാഷണം നടത്തി.
പരസ്പര ബന്ധവും മേഖലയിലും അന്താരാഷ്ട്രതലത്തിലുമുള്ള സംഭവവികാസങ്ങളുമാണ് ചര്‍ച്ചയില്‍ വിഷയമായത്.