റിയാദ് -''ഞങ്ങളും കൂടിയാണ് കേരളം' എന്ന ശീർഷകത്തിൽ നാട്ടിലും പ്രവാസലോകത്തും നടക്കുന്ന പ്രവാസി സമര പ്രക്ഷോഭത്തിന് റിയാദിൽ തുടക്കമായി. ഇന്നലെ പ്രവാസി സാംസ്‌കാരിക വേദി സംഘടിപ്പിച്ച വെർച്വൽ സമരസംഗമം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. കോവിഡ്കാരണം ഗൾഫിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് പത്തുലക്ഷം വീതം സർക്കാർ ദുരിതാശ്വാസ നിധിയിൽനിന്ന് നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ അത്താണിയായിരുന്ന ഇരുന്നൂറ്റി അൻപതോളം പേരാണ് ഗൾഫുനാടുകളിൽ മരണപ്പെട്ടത്. തുടക്കം മുതലേ പ്രവാസി കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇരട്ടത്താപ്പും ഒളിച്ചുകളിയും സ്പഷ്ടമായിരുന്നു. ആദ്യം വിമാനം നിഷേധിച്ചു. പിന്നെ വന്ദേ ഭാരത് എന്ന പേരിൽ ഇരട്ടി വിലയ്ക്ക് ടിക്കറ്റ് നൽകി. തുടർന്ന് അതിൽ നിന്ന് പിൻവലിയുന്ന രൂപത്തിൽ ചാർട്ടർ വിമാനം നൽകാമെന്ന് പറഞ്ഞു.
കേരള സർക്കാർ രണ്ടര ലക്ഷം പേർക്ക് ക്വാറന്റൈൻ 'സംവിധാനമൊരുക്കി' അതും 'സൗജന്യമായി'... ഇത്തരം പൊള്ളയായ വാഗ്ദാനങ്ങളിൽ പ്രവാസി കുടുംബങ്ങളെ വഞ്ചിച്ചും പൊതുബോധത്തെ ശത്രുതയിലേക്കു തിരിച്ചുവിട്ടും ക്രൂരമായി പെരുമാറുകയാണ് അധികാരികൾ. മാധ്യമ പ്രവർത്തകൻ അഫ്താബ് റഹ്മാൻ സംസാരിച്ചു.
ഒ.ഐ.സി.സി പ്രതിനിധി നൗഫൽ പാലക്കാടൻ, റിഫാ പ്രതിനിധി ഹരികൃഷ്ണൻ, കെ.എം.സി.സി അംഗം ഷാഫി കരുവാരക്കുണ്ട്, പ്രവാസി ജനറൽ സെക്രട്ടറി ഖലീൽ പാലോട് എന്നിവർ സംസാരിച്ചു. പ്രവാസി സാംസ്‌കാരിക വേദി പ്രസിഡന്റ് സാജു ജോർജ്ജ് സമര സംഗമത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റഹ്മത്ത് തിരുത്തിയാട് സ്വാഗതവും സെക്രട്ടറി അഷ്‌റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു.
അഡ്വ.റെജി, ബാരിഷ് കുണ്ടോട്ടി, അജ്മൽ ഹുസൈൻ, ദാവൂദ് എൻ.എൻ, സമീഉല്ല, റൂഖ്‌സാന ഇർഷാദ്, അബ്ദുറഹ്മാൻ ഒലയ്യാൻ, ഷെഹ്ദാൻ, ഷമീർ എന്നിവരാണ് പത്തു ദിവസം നീണ്ടുനിൽക്കുന്ന പ്രവാസി പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. വെർച്വൽ മീറ്റിംഗുകൾ, സോഷ്യൽ മീഡിയ വഴിയുള്ള ജനസമ്പർക്ക പരിപാടികൾ, വാട്‌സ്ആപ്പ് പ്രഭാഷണങ്ങൾ, മുഖ്യമന്ത്രിക്ക് ഇ മെയിൽ വഴി നിവേദനം, വനിതാ സംഗമങ്ങൾ, പോസ്റ്റർ പ്രചാരണം തുടങ്ങി നിരവധി പരിപാടികൾ നടക്കും.