റിയാദ് - യാത്ര ചെയ്യാനുദ്ദേശിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് അനുമതി ലഭിച്ചാൽ മാത്രമേ സൗദി അറേബ്യയിൽനിന്ന് ചാർട്ടേഡ് വിമാനങ്ങൾക്ക് പറക്കാനാകൂവെന്ന് ഇന്ത്യൻ എംബസി. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ നിയമാവലിയുടെ അടിസ്ഥാനത്തിൽ ആദ്യം സംസ്ഥാന സർക്കാറിന്റെ അനുമതിയാണാവശ്യമെന്ന് ചാർട്ടേഡ് വിമാനം ആവശ്യപ്പെട്ട് അപേക്ഷ നൽകിയ കമ്പനികളെയും സംഘടനകളെയും എംബസി അറിയിച്ചു. ഇതോടെ സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ വീണ്ടും അനിശ്ചിതത്വത്തിലായി.
അടുത്ത വ്യാഴാഴ്ച മുതലാണ് ഈ വ്യവസ്ഥ നിലവിൽ വരിക. അതിന് മുമ്പ് പറക്കാൻ അനുമതി ലഭിച്ച വിമാനങ്ങൾക്ക് യാത്രാതടസ്സമുണ്ടാവില്ല. എന്നാൽ അതിന് ശേഷം പറക്കണമെങ്കിൽ സംസ്ഥാന സർക്കാറിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആദ്യമെടുക്കണം. വിമാനം ചാർട്ടർ ചെയ്യാനുദ്ദേശിക്കുന്ന കമ്പനികളും സാമൂഹിക സംഘടനകളും വിമാന കമ്പനികളും യാത്രക്കാരുടെ വിശദാംശങ്ങൾ സഹിതം സംസ്ഥാന സർക്കാറിന് നേരിട്ട് അപേക്ഷ നൽകണം. അതോടൊപ്പം എംബസിയിലും അപേക്ഷ നൽകേണ്ടതുണ്ട്. ട്രാവൽ, ടൂർ കമ്പനികൾക്ക് ഇത്തരം ചാർട്ടേഡ് വിമാനങ്ങൾ പറത്താൻ അനുമതിയുണ്ടാകില്ല. സംസ്ഥാന സർക്കാറിന്റെ ക്ലിയറൻസും എംബസിയുടെ എൻഒസിയും ലഭിച്ചാൽ എയർലൈൻ കമ്പനി ഇന്ത്യയിലെയും സൗദിയിലെയും സിവിൽ ഏവിയേഷനുകളിൽ നിന്ന് അനുമതി വാങ്ങണം. കോവിഡ് സർട്ടിഫിക്കറ്റ്, ക്വാറന്റൈൻ തുടങ്ങിയ കാര്യങ്ങളുടെ വിശദവിവരങ്ങൾ ക്ലിയറൻസ് നൽകുമ്പോൾ സംസ്ഥാന ഗവൺമെന്റുകൾ മുന്നോട്ടുവെക്കും. അതിനനുസരിച്ച് മാത്രമേ വിമാനം പറക്കാനാകൂ. എംബസിയുടെ കത്ത് ലഭിച്ചതോടെ നേരത്തെ കേരളത്തിലേക്ക് ചാർട്ടേഡിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയ സംഘടനകളും കമ്പനികളും ക്ലിയറൻസിനായി കേരള സർക്കാറിനെ സമീപിച്ചുതുടങ്ങി.
ചാർട്ടേഡ് വിമാനങ്ങൾ ആവശ്യമുള്ളവർ ഇതുവരെ എംബസിയിലോ കോൺസുലേറ്റിലോ യാത്രക്കാരുടെ വിശദാംശങ്ങൾ സഹിതം അപേക്ഷ നൽകിയാൽ മതിയായിരുന്നു. ശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി തേടും. സംസ്ഥാന സർക്കാറുകളെ അറിയിക്കലും കേന്ദ്രമായിരുന്നു. ചാർട്ടേഡ് വിമാനങ്ങൾ വരാനിരിക്കുന്നതിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതാണ്. കഴിഞ്ഞ ജൂൺ 15 വരെ 812 വിമാനങ്ങൾക്കാണ് കേരളത്തിലേക്ക് ചാർട്ടർ ചെയ്യാൻ അനുമതി നൽകിയിരുന്നത്.
ഇതിനിടെ കേരളമടക്കം ചില സർക്കാറുകൾ പുതിയ വ്യവസ്ഥകൾ മുന്നോട്ടുവെച്ചതോടെയാണ് കേന്ദ്രം നിലപാട് മാറ്റിയത്. എല്ലാ യാത്രക്കാരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ച് റിയാദ് ഇന്ത്യൻ എംബസി സൗദി വിദേശകാര്യ മന്ത്രാലയത്തിന് ആന്റിബോഡി റാപിഡ് ടെസ്റ്റിന് അനുമതി ചോദിച്ചിരിക്കുകയാണ്. റാപിഡ് ടെസ്റ്റ് സമ്പ്രദായം സൗദിയിലെ ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്യാത്ത കാര്യമായതിനാൽ നേരത്തെ ഇന്ത്യൻ എംബസി അനുമതി നൽകിയ വിമാനങ്ങളുടെ യാത്രയും അനിശ്ചിതത്വത്തിലായിരുന്നു.
അടുത്ത വ്യാഴാഴ്ച മുതൽ ഈ സർട്ടിഫിക്കറ്റില്ലാതെ സൗദിയിൽ നിന്ന് കേരളത്തിലേക്ക് പോകാനാവില്ല. ഫലത്തിൽ കേരളവും കേന്ദ്രവും കൂടി പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ചതോടെ സൗദിയിലെ പ്രവാസികളുടെ യാത്ര അനിശ്ചിതമായി നീളും.