ഇടുക്കി- മകളുടെ ജീവനെടുത്ത പാമ്പ് വീടിനടുതതു തന്നെയുണ്ട്. സമീപത്തെ കരിങ്കല്‍ ഭിത്തിയുടെ പോടില്‍നിന്നു അത് തല നീട്ടുന്നതു കണ്ട് ഏകമകനെ നെഞ്ചോടു ചേര്‍ക്കുന്ന അമ്മ. പരപ്പനങ്ങാടി പാറത്താനത്ത് അനുവിന്റെ(25) അമ്മ മിനിയാണ് ദുഃഖത്തിലും ഭീതിയിലും നെഞ്ചുനീറി കഴിയുന്നത്.
കഴിഞ്ഞ 7 നു വീടിനു സമീപം കാടു പറിക്കുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാണ് മകള്‍ മരിച്ചത്. കുഞ്ഞുങ്ങളുമായി മൂര്‍ഖന്‍ ഇവരുടെ വീടിനു സമീപത്തെ കരിങ്കല്‍ സംരക്ഷണ ഭിത്തിയുടെ ഓട്ടകളില്‍ കഴിയുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. മിനിയും 11 വയസ്സ് ഉള്ള മകന്‍ അതുലുമാണ് ഇവിടെ കഴിയുന്നത്. പകല്‍ സമയത്തുപോലും മകനെ വീടിനു പുറത്ത് വിടാന്‍ ഭയമാണ് എന്ന് ഈ അമ്മ പറയുന്നു.മകള്‍ മരിച്ച അന്നു രാത്രിയും നാട്ടുകാരില്‍ ചിലര്‍ ഇവിടെ പാമ്പിനെ കണ്ടിരുന്നു.
മിനിയുടെ വീടിനു സമീപത്തെ വഴിയുടെ ഒരു വശത്താണ് 100 മീറ്ററില്‍ അധികം നീളമുള്ള കരിങ്കല്‍ ഭിത്തിയുള്ളത്. ദിവസങ്ങള്‍ക്ക് മുന്‍പ് സമീപവാസി ഈ റോഡില്‍ ഒരു മൂര്‍ഖനെയും 5 കുഞ്ഞുങ്ങളെയും കണ്ടിരുന്നു. മനുഷ്യരെ കണ്ടാല്‍ ഇഴഞ്ഞു നീങ്ങി കരിങ്കല്‍ ഭിത്തിയുടെ പോടുകളില്‍ ഒളിക്കുന്ന പാമ്പുകള്‍ പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്നു.
ഒട്ടേറെ വീടുകളാണ് ഇവിടെയുള്ളത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് മക്കളെ തനിച്ചാക്കി ജോലിക്കു പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ 7 ന് വൈകിട്ട് 3 മണിക്കാണ് അനുവിനു പാമ്പ് കടിയേല്‍ക്കുന്നത്. ഉടന്‍ രാജകുമാരിയിലെ സ്വകാര്യ ചികിത്സാ കേന്ദ്രത്തിലും അടിമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.