ന്യൂഡല്‍ഹി- കുവൈത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്‌തെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇന്ത്യക്കാരുടെ ശിക്ഷാ ഇളവ് കുവൈത്ത് അമീറാണ് ഉത്തരവിട്ടത്. വിവിധ കുറ്റകൃത്യങ്ങളില്‍ പിടിയിലായി ജയില്‍ കഴിയുന്ന 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും ഉത്തരവായിട്ടുണ്ട്. ട്വിറ്ററിലാണ് സുഷമ ഇക്കാര്യം അറിയിച്ചത്.
ജയില്‍ മോചിതരാകുന്ന എല്ലാവര്‍ക്കും കുവൈത്തിലെ ഇന്ത്യന്‍ എംബസി എല്ലാ സഹായവും നല്‍കുമെന്നും അമീറിന് നന്ദി അറിയിച്ചു കൊണ്ടുള്ള ട്വീറ്റില്‍ സുഷമ പഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ യുഎഇ സുപ്രിം കൗണ്‍സില്‍ അംഗമായ ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഷാര്‍ജ ജയിലുകളിലെ 154 ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.