Sorry, you need to enable JavaScript to visit this website.

അൽപം കല്യാണക്കാര്യം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും യുവ മാർക്‌സിസ്റ്റ് നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം സ്വാഭാവികമായും വാർത്തയായി. ഇടതുപക്ഷ നേതാക്കളുടെ ഇടയിലെ  മിശ്രവിവാഹ ചരിതം ഒരിടത്ത് നന്നായി കുറിച്ചുകണ്ടു. ജാതിയും മതവും വക വെക്കാത്ത ഉൽപതിഷ്ണുക്കളുടെ കല്യാണക്കാര്യം എന്നും കൗതുകം വളർത്തുന്നതായിരുന്നു. ഉൽപതിഷ്ണുക്കൾ എന്നു തീർത്തും പറഞ്ഞുകൂടാത്തവരുടെ കല്യാണം കൂടുതൽ കൗതുകം ഉളവാക്കുന്നതാകണം.  
കല്യാണം സ്വകാര്യമാണെന്നു പറഞ്ഞ് ആ വാർത്ത ചവറ്റുകൊട്ടയിൽ തള്ളണമെങ്കിൽ വധൂവരന്മാരോ ബന്ധുക്കളോ ഒരു തരത്തിലും കൗതുകം ഉയർത്താത്ത ആളുകളാകണം. എന്തിന്റെയെങ്കിലും പേരിൽ അയൽപക്കത്തിന്റെ ശ്രദ്ധ ആകർഷിക്കാവുന്നവരുടെ കല്യാണം കൊച്ചുവർത്തമാനത്തിനു വിഷയമാകാതെ വയ്യ.  ആരോഗ്യവും സമചിത്തതയുമുള്ള ആരും അതിനെപ്പറ്റി അറിയാനും പറയാനും ഒരു നിമിഷം വിനിയോഗിക്കാതിരിക്കില്ല.  മനസ്സിൽ കൊറോണയോ തെറിയോ കൊടി നീർത്തുന്നവർ അത്തരം നവദാമ്പത്യ കാര്യങ്ങളിൽ മാലിന്യം തിരഞ്ഞുനടക്കും. അവരുടെ രതിരീതികൾ നിയന്ത്രിക്കാൻ നിയമം വേണ്ടിവരും.  നിയമം അനുശാസിക്കാത്ത നടപടികളുമായി ചിലർ മുന്നോട്ടു പോയാലും അത്ഭുതപ്പെടാനില്ല. പിണറായി വിജയന്റെ മകളുടെ കല്യാണക്കാര്യം ചില ദാമ്പത്യ ചാരന്മാർ കൈകാര്യം ചെയ്തതു കണ്ടപ്പോൾ അങ്ങനെയൊക്കെ ആലോചിച്ചു പോയി.  


എൺപതുകളുടെ  തുടക്കത്തിൽ, ഞാനോർക്കുന്നു, എ.കെ. ആന്റണിയുടെ വിവാഹം ചില സമുദായങ്ങളിലെ വേളി പോലെ, പല ദിവസമായി ആഘോഷിക്കുകയായിരുന്നു. വാർത്തയുടെ വരൾച്ച അനുഭവപ്പെട്ട ഒരു ഒഴിവു ദിവസം ഉത്സാഹ ശാലിയായ ഒരു സഹപ്രവർത്തകൻ അടക്കം പിടിച്ചു പറഞ്ഞു: 'ആന്റണി കല്യാണം കഴിക്കാൻ പോകുന്നു.' ഞാൻ ഞെട്ടുകയോ തപ്പു കൊട്ടുകയോ ചെയ്തില്ല. മുതിർന്ന ആർക്കും അനുവദിക്കപ്പെടുന്ന ആ അവകാശം ആന്റണി ഉപയോഗപ്പെടുത്തുന്നതിൽ ആശ്ചര്യം കാണാത്ത ഞാൻ സാധാരണ മാധ്യമ ഭാവുകത്വം ഏശാത്ത ആളാണെന്ന് എനിക്കു പോലും തോന്നി. ആന്റണിയുടെ വിവാഹ വാർത്ത ഒരാഘോഷം തന്നെയായിരുന്നു. 
വിവാഹം നടന്നാലും മുടങ്ങിയാലും വാർത്തയാകും. വാസ്തവത്തിൽ വിവാഹം തീർത്തും സ്വകാര്യമായ ഒരു ബന്ധവിശേഷമല്ല. കുടുംബത്തെയും സമീപ സമൂഹത്തെയും സ്വാധീനിക്കുന്നതാണ് ആ ബന്ധം. ബന്ധപ്പെടാൻ സമൂഹ ഖണ്ഡമോ കുടുംബമോ ഇല്ലാത്ത വിവാഹം അഭിലഷിക്കുന്നത് റോബിൻസൺ ക്രൂസോ മാത്രമായിരിക്കും. ആ സാമൂഹ്യ പ്രസക്തി അതിനുള്ളതുകൊണ്ടു തന്നെയാകും, വിവാഹത്തെ കാലാകാലമായി പരിഷ്‌കരണത്തിനുള്ള ഉപകരണമായി സാമൂഹ്യ നേതൃത്വം ഉപയോഗിച്ചു പോന്നു.  ചിലർ ചില രീതിയിലുള്ള വിവാഹം നിരുത്സാഹപ്പെടുത്താൻ നോക്കി, മറ്റു ചിലർ ചില രീതിയിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കാൻ നോക്കി. നിയമപരവും ഭരണപരവുമായ ചട്ടങ്ങളിൽ അവരുടെ സാമൂഹ്യ താൽപര്യം പ്രതിഫലിച്ചു.  


ഒരേ സമയം ഒന്നിലേറെ ഭാര്യമാർ ഉണ്ടാകുന്നതിനെ തള്ളിപ്പറയുകയുണ്ടായി പിണറായി വിജയന്റെ പാർട്ടി എൺപതുകളിൽ. മുസ്‌ലിം ലീഗിന്റെ ഒരു കഷ്ണവുമായി പാർട്ടിക്ക് അടിയന്തരാവസ്ഥ മുതലേ രാഷ്ട്രീയ സഖ്യം ബലപ്പെട്ടു വന്നിരുന്നു. ബഹുഭാര്യത്വം തള്ളിപ്പറയാൻ ആ കക്ഷി തയാറാവുന്നില്ലെങ്കിൽ അതിനെ ഒരു സഖ്യശക്തിയായി കൂട്ടരുതെന്ന് ഉൽപതിഷ്ണുക്കൾ പലരും പരസ്യമായി പറയാൻ തുടങ്ങി. മലപ്പുറത്തെവിടെയോ ഒരു പ്രസംഗത്തിൽ പ്രൊഫസർ ഇർഫാൻ ഹബീബ് കൊളുത്തി വിട്ടതായിരുന്നു ആ തിരി. അതു കത്തിക്കേറി, ആ രാഷ്ട്രീയ സൗഹൃദത്തെ കരിച്ചുകളഞ്ഞു. 
കേരളത്തിൽ അതൊരു സ്ത്രീവിരുദ്ധ പാതകമായി ചിത്രീകരിക്കപ്പെടുമ്പോൾ നിയമം ലംഘിച്ചും ഒന്നിലേറെ ഭാര്യമാരെ പോറ്റുന്ന മികച്ച പുരോഗമനവാദികളായ  നേതാക്കളുണ്ടായിരുന്നു. രണ്ടാം കെട്ടിനെ സംസാര ഭാഷയിൽ 'ചിന്ന വീട്' എന്നു വിളിച്ചു. എന്റെ സുഹൃത്തായ ശ്രീനിവാസൻ അയലത്തെ വീട്ടിൽ ചെന്ന് ഒരു 'ചിന്ന വീട്' ഏർപ്പെടുത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടതായി പറഞ്ഞു കേട്ടിരുന്നു. ബഹളം പൊട്ടിപ്പുറപ്പെട്ടുവെന്നും അയൽക്കാരൻ ആയുധമെടുത്തുവെന്നും ശ്രീനി സധൈര്യം തലയൂരിയെന്നുമാണ് സഹപ്രവർത്തകയായ സുചിത്ര നിർമിച്ചുവിട്ട നർമകഥ. എന്തായാലും നിയമ വിരുദ്ധമായ 'ചിന്ന വീട്' ഇനിയും എല്ലായിടത്തും താഴിട്ടു പൂട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ട്. 


തമിഴരെ കളിയാക്കേണ്ട. പത്തറുപതു കൊല്ലമേ ആയിട്ടുള്ളൂ ഒന്നിലധികം പ്രഖ്യാപിത ഭാര്യമാരുമായി ഒരേ സമയം ജീവിതം പങ്കിടുന്ന പതിവ് കേരളത്തിൽ അവസാനിപ്പിച്ചിട്ട്.  എന്റെ അച്ഛന്റെ അച്ഛൻ ഒരേ മേൽക്കൂരക്കു താഴെ മൂന്നു ഭാര്യമാരെ പുലർത്തിയിരുന്നു. ആ മേൽക്കൂരക്കു പുറമെ വേറെ വല്ലതുമുണ്ടോ എന്നു ചോദിച്ചറിയാൻ പറ്റിയിട്ടില്ല. ഏതോ വികൃതമായ പാരമ്പര്യത്തിന്റെ സമ്മർദത്തിൽ, മൂത്ത മകൻ മാത്രം വേളി കഴിച്ചാൽ മതിയെന്നായിരുന്നു വ്യവസ്ഥ. 
മറ്റുള്ളവർ മറ്റു ജാതികളിൽപെട്ട സ്ത്രീകളെ 'നേരമ്പോക്കി'നു  കണ്ടെത്തി.  'നേരമ്പോക്കി'ൽ പിറന്ന കുട്ടികളിൽ പലരും ദിവ്യ ഗർഭത്തിൽനിന്നു വന്ന പോലെയായിരുന്നു.  ചിലർ എങ്ങനെയോ പരസ്യമായ പിതൃത്വമുള്ള മനുഷ്യ സന്തതികളായി.


ആ കല്യാണക്കളി അവസാനിപ്പിക്കാനുള്ള ശ്രമം 'നമ്പൂതിരിയെ മനുഷ്യനാക്കാൻ' വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിവെച്ച സമരത്തിന്റെ ഭാഗമായിരുന്നു. വിവാഹത്തിന്റെ മൂന്നു മുഖങ്ങളിൽ അതു പ്രവർത്തിച്ചു.  ഒന്നാമതായി, മൂത്ത മകൻ മാത്രം വേളി കഴിച്ചാൽ മതിയെന്ന വ്യവസ്ഥ മാറ്റി. രണ്ടാമതായി, രാത്രിയിൽ റാന്തൽ വെളിച്ചത്തിൽ മാത്രം സാധുത ഉണ്ടായിരുന്ന അയലത്തെ സ്ത്രീയുമായുള്ള നേരമ്പോക്ക് കല്യാണമായി കണക്കാക്കുന്ന ഏർപ്പാട് നിരുത്സാഹപ്പെടുത്തി. മൂന്നാമതായി, വിധവകൾ വീണ്ടും വിവാഹം ചെയ്യാൻ പാടില്ലെന്ന നിബന്ധന ലംഘിക്കപ്പെട്ടു.  
'സംബന്ധ'ത്തിൽ ഉൾപ്പെട്ടിരുന്ന സമുദായങ്ങളിലെ സ്ത്രീകൾക്കും കുട്ടികൾക്കും വിവാഹ പരിഷ്‌കാരത്തിലൂടെ കൈവന്ന മാനവും അംഗീകാരവും 'നമ്പൂതിരിയെ മനുഷ്യനാക്കാൻ' വി.ടിയും മറ്റും അനുഷ്ഠിച്ച സമരത്തിന്റെ വരദാനമായിരുന്നു.  ആ സമുദായങ്ങളിലും വിവാഹം നേരമ്പോക്കായി ഒതുങ്ങരുതെന്ന വിചാരം പ്രബലപ്പെട്ടു തുടങ്ങിയിരുന്നു.  ഇന്ദുലേഖയുടെയും സൂരി നമ്പൂതിരിപ്പാടിന്റെയും കഥ ഓർക്കാൻ വയ്യാത്ത വിധം പഴയതായിട്ടില്ല.  സ്വകാര്യമെന്നു വ്യവഹരിക്കുന്ന വിവാഹം എങ്ങനെ സമൂഹ പരിവർത്തനത്തിന്റെ ഉപകരണമാകുന്നുവെന്ന് അടുത്ത പതിറ്റാണ്ടുകളിൽ തെളിഞ്ഞു.


നമ്പൂതിരിയെ മനുഷ്യനാക്കാൻ വി.ടി കൊണ്ടുവന്ന വിവാഹ പരിഷ്‌കാരത്തിന് ഉദ്ദേശിക്കാത്ത അർഥം വന്നുകൂടിയില്ലേ എന്നു സംശയിക്കണം. മൂത്ത മകൻ മാത്രം കല്യാണം കഴിക്കുക എന്ന രീതി നിലച്ചു എന്നതു ശരി; നേരമ്പോക്കിനു വേണ്ടി അന്യ സമുദായങ്ങളിൽ ബീജാവാപം നടത്തുന്ന പതിവ് ഒഴിവായി എന്നതും ശരി. പക്ഷേ ജാതിയുടെയും മതത്തിന്റെയും നീരാളിപ്പിടിത്തം ഒഴിവാക്കണമെങ്കിൽ ജാതിയും മതവും നോക്കാതെ കല്യാണം കഴിക്കണമെന്ന സിദ്ധാന്തത്തെ തുണക്കുന്നതല്ല ആ ഏർപ്പാട്. 


സ്ത്രീകളും പുരുഷന്മാരും കൂടുതൽ അടുത്തിടപഴകാൻ പറ്റിയ ജോലിസ്ഥലങ്ങളും ജീവിത സന്ദർഭങ്ങളും ഒരുങ്ങിയതോടെ സാമൂഹികമായ കെട്ടുപാടുകൾ അയയുകയും മിശ്രവിവാഹം പരക്കേ സാധ്യമാവുകയും ചെയ്തു.  എന്റെ ഗ്രാമത്തിൽ മറ്റൊരു ജാതിയിൽ പെട്ട ആണൊരുത്തന്റെ കൂടെ ഒരു ചെറുപ്പക്കാരി 'ഒളിച്ചോടി'യത് അന്ന് വലിയ പുകിലായിരുന്നു. ആ സ്ത്രീയുടെ വീട്ടുകാർ മുഖം മറച്ചു നടന്നു.  അതു പക്ഷേ ഏറെ നീണ്ടില്ല.  പുതിയ ജീവിത സന്ദർഭവുമായി അവർ പൊരുത്തപ്പെട്ടു, പുതിയൊരു കുടുംബാന്തരീക്ഷവും സാമൂഹ്യ സ്വത്വവും രൂപം കൊണ്ടു.  ഭാര്യാഭർത്താക്കന്മാരുടെ ജാതി ഒന്നല്ലാത്തതുകൊണ്ട് ആകാശം ഇടിഞ്ഞു വീഴില്ലെന്ന് തീർച്ചയായി.  


ജാതി നോക്കാനും ജാതകം പരിശോധിക്കാനും മറ്റു കാര്യങ്ങൾ ഉറപ്പിക്കാനും പണ്ട് വധൂവരന്മാർ കണ്ടുമുട്ടേണ്ട ആവശ്യമില്ലായിരുന്നു. അതൊക്കെ നോക്കി നടത്താൻ ഒരു വെളിച്ചപ്പാടോ വെളുത്തേടനോ മുറിവൈദ്യനോ സഹായിച്ചു. അദ്ദേഹത്തിന്റെ മുഷിഞ്ഞ നോട്ടുപുസ്തകത്തിൽ പല തരക്കാരായ ചെറുപ്പക്കാരുടെ സ്ഥിതിവിവര ഗണിതം കുറിച്ചിട്ടിരിക്കും.  അവരെ ഒഴിപ്പിച്ച് കംപ്യൂട്ടർ പോലുള്ള സാമഗ്രികൾ ഉപയോഗിക്കുന്ന വിവാഹ ബ്യൂറോകൾ അരങ്ങേറി.  സ്വകാര്യ കാര്യം സമൂഹ കാര്യമായി മാറുന്ന പോലെ തോന്നി, ആ വ്യതിയാനം കണ്ടപ്പോൾ. രസമെന്നു പറയട്ടെ, അതുകൊണ്ട് ജാതി-മതചിന്ത മാറുകയല്ല ഉണ്ടായത്, ജാതിയും മതവും മറ്റും മനസ്സിലാക്കാൻ കൂടുതൽ സൗകര്യം ലഭിക്കുകയായിരുന്നു.  ഇപ്പോൾ ജാതി തിരിച്ചും മതം തിരിച്ചും വധൂവരന്മാരെ തെരഞ്ഞെടുക്കാൻ പറ്റിയ രീതിയിൽ ഊരും പേരും ക്രമീകരിച്ച കംപ്യൂട്ടർ പ്രോഗ്രാമുകളുള്ള മാട്രിമോണി ഏജൻസികൾ കോളടിക്കുന്നു.  വെളിച്ചം കുറഞ്ഞ സ്വയംവര വേദിയിൽ വരണമാല്യവുമായി വധു ഓരോ ആളെയും പിന്നിട്ടു പോകുമ്പോൾ വിവാഹാർഥിയുടെ മുഖം ആദ്യം ദീപ്തമാവുകയും പിന്നെ മങ്ങുകയും ചെയ്യുന്ന കാഴ്ചയൊക്കെ കാളിദാസന്റെ കവിതയിൽ ഒതുങ്ങുന്നു.  സ്വയംവരത്തിന്റെ താളവും മേളവും മാറിയിരിക്കുന്നു.


കാലത്തിന്റെ അലങ്കോലം കൊണ്ടോ പുതിയ ബന്ധത്തിന്റെ ഉത്തരവാദിത്തം ഒഴിയാനുള്ള തന്ത്രമായോ, പൗരാണികന്മാർ ഗന്ധർവ വിവാഹം എന്നൊരു മാതൃക പടച്ചുണ്ടാക്കിയിരുന്നു. ഗന്ധർവ വിവാഹം കഴിഞ്ഞാൽ പിന്നെ ഏതു ദുഷ്യന്തനും അഭിജ്ഞാന മോതിരം കണ്ടാലും കണ്ടില്ലെങ്കിലും ഭാര്യയെ തള്ളാം, കൊള്ളാം.  ശകുന്തളക്കും അമ്മ മേനകക്കും ഉണ്ടായ അനുഭവം ഏതാണ്ടൊരു പോലെ തന്നെ. ഉത്തരവാദികളിൽ ഒരാൾ രാജർഷിയായിരുന്നു, ഒരാൾ രാജാവും എന്നേ വ്യത്യാസമുണ്ടായിരുന്നുള്ളൂ.  
വിവാഹത്തേക്കാൾ വലിയ വാർത്തയായിരുന്നു വിവാഹ മോചനം, നമ്മുടെ കാലത്തും രാമന്റെ നേരത്തും.  ദുർമുഖൻ എന്നൊരു ചാരൻ വഴി ഏതോ അലക്കുകാരികളുടെ പഴി കേട്ട് വിവാഹ മോചനത്തിനു ധിറുതി കൂട്ടിയ ആളായിരുന്നു രാമൻ.  ഗർഭിണിയായ, സാത്വികയായ ഭാര്യയെ കാട്ടിൽ തള്ളുന്ന രാമനോട് തനിക്ക് ദേഷ്യമാണെന്ന് രുദിതാനുസാരിയായ മഹർഷി പൊട്ടിത്തെറിച്ചു.  'ചളിയിൽ പദമൂന്നിയെന്തിനോ വെളിവായി കഴുകുന്നു രാഘവൻ? എന്ന സീതയുടെ ചോദ്യം യുഗാന്തരങ്ങളിലൂടെ മുഴങ്ങുന്നതു പോലെ.  


വിവാഹത്തിൽ നിന്നൂരിപ്പോകാൻ ഭർത്താക്കന്മാർ കണ്ടിരുന്ന വഴികൾ വിചിത്രവും വാർത്താപ്രധാനവുമായിരുന്നു.  തനിക്കിഷ്ടമില്ലാത്ത ഭാര്യയെ തള്ളി, വേറൊരാളെ കൊള്ളാനുള്ള ഒരു രാജാവിന്റെ ശ്രമം ബ്രിട്ടീഷ് ചരിത്രത്തിലെ കോലാഹലമായിരുന്നു. പള്ളി അതിനെതിര് നിന്നപ്പോൾ ഹെൻറി എട്ടാമൻ പള്ളിയെ പുറത്താക്കി, സ്വയം ഭൂപനും പുരോഹിതനുമായി. വേണമെന്നു തോന്നിയപ്പോൾ വേളിയെ ചുമ്മാ വധിച്ചു. രാജാവല്ലേ, എങ്ങനെയുമാവാം. ഹെൻറി എട്ടാമൻ സംഘടിപ്പിച്ച ആറു വിവാഹങ്ങളുടെ കഥയെഴുതി പിന്നീടു വന്ന പ്രജകൾ ആഘോഷിച്ചു.  ഒരു മതത്തിന്റെ വിഭജനവും പുതുതൊന്നിന്റെ വിന്യാസവും ഉണ്ടാകാൻ ഇടയാക്കിയ അദ്ദേഹത്തിന്റെ വികൃതികൾ ചരിത്രത്തിലെ മറക്കാത്ത വാർത്തയായി. അപ്പോൾ, നേരത്തേ പറഞ്ഞ പോലെ, വിവാഹവും വിവാഹ ഭഞ്ജനവും സ്വകാര്യമല്ല, സമൂഹ കാര്യം തന്നെ.     

Latest News