തിരുവനന്തപുരം- പൊതുമരാമത്ത് വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പിന് കാര്യക്ഷമത ഇല്ലാത്തതാണ് പദ്ധതികള്‍ സമയത്തിന് പൂര്‍ത്തിയാകാതിരിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പിന്റെ എഞ്ചിനീയറിങ് കോണ്‍ഗ്രസ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് പദ്ധതിയുടെ പണം വിനിയോഗിക്കുന്നതില്‍ കേരളം ഏറെ പിറകിലാണ്. ആസുത്രണത്തിന്റെ കുറവാണ് ഇതിനു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വകുപ്പില്‍ അഴിമതിക്കാര്‍ ഇപ്പോഴും ഉണ്ട്. കരാറുകാര്‍ക്ക് വഴിപ്പെട്ട ഉദ്യോഗസ്ഥരുമുണ്ട്. എന്നാല്‍ അഴിമതി ഒരിക്കലും വച്ചു പൊറുപ്പിക്കില്ല. ജീവിക്കാന്‍ മതിയായ ശമ്പളം കിട്ടുന്നുണ്ടെങ്കിലും തൃപ്തിവരാത്ത ചിലര്‍ക്ക് ആര്‍ത്തിയാണ്. ഇവര്‍ക്ക് ഒരു പ്രത്യേക തരത്തിലുള്ള ആര്‍ത്തിയാണ്. അതുകൊണ്ട് തന്നെ കിട്ടുന്നതെല്ലാം പോന്നോട്ടെ എന്നാണ് ഇവരുടെ രീതി. ഇവരാണ് വകുപ്പിന് ചീത്തപ്പേരുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരാമത്ത് ജോലികള്‍ തുടങ്ങുന്നതിനു മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതിലും പോരായ്മകളുണ്ട്. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിക്ക് പണം വന്നാലും തയാറെടുപ്പ് തുടങ്ങില്ല. ഇതു ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലത്തെ പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പിനെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയിലുള്ള കാഴ്ചപ്പാടിനു കാരണം. ഇതു തിരുത്താന്‍ ഉ്‌ദ്യോഗസ്ഥര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.