കൊച്ചി- ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും മികവുറ്റ പോരാളികളിലൊരാളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ സിനിമയാകുന്നു. പൃഥിരാജ് നായകനാകുന്ന സിനിമ ആഷിഖ് അബു സംവിധാനം ചെയ്യും. ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നുവെന്ന് പൃഥിരാജ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഹർഷദ്, റമീസ് എന്നിവർ ചേർന്നാണ് കഥ ഒരുക്കുന്നത്. സിക്കന്ദർ, മൊയ്തീൻ എന്നിവർ നിർമ്മിക്കും. മുഹ്‌സിൻ പെരാരിയാണ് സഹസംവിധായകൻ.