തിരുവനന്തപുരം- നടന്‍ മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസില്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കേസുമായി ബന്ധപ്പെട്ട പ്രോസിക്യൂഷന്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ പെരുമ്പാവൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കാനാണ് നീക്കമെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ഒന്നാംപ്രതിയായ മോഹന്‍ലാല്‍ ഉള്‍പ്പെടെ നാലുപേരാണ് കേസിലെ പ്രതികള്‍. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പിഎന്‍ കൃഷ്ണകുമാര്‍ ,തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി കെ കൃഷ്ണകുമാര്‍,ചെന്നൈ പെനിന്‍സുല നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
2012ലായിരുന്നു കേസിനാസ്പദമായ സംഭവം. മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. പരമാവധി അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് താരത്തിനെതിരെ ചുമത്തിയിരുന്നത്. താരത്തിനെതിരെ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്തംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. 2019 ഡിസംബര്‍ നാലിന് ഡിജിപി നല്‍കിയ നിയമോപദേശം അനുസരിച്ച് കേസ് പിന്‍വലിക്കാന്‍ എന്‍ഓസി നല്‍കിയിരുന്നു. ഇപ്പോള്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.