കണ്ണൂര്‍- കൊറോണ വൈറസ് പ്രതിസന്ധികള്‍ക്കിടെ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണാഭരണ കടത്ത് വീണ്ടും സജിവമാകുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് വരുന്ന വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടിയിലായത്. വിപണിയില്‍ ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന 430 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി ഉസ്മാനെയാണ് കസ്റ്റംസ് പിടികൂടിയത് ശനിയാഴ്ച്ച അര്‍ധരാത്രിയെത്തിയ ഫ്‌ളൈ ദുബായ് വിമാനത്തിലാണ് സ്വര്‍ണ കടത്ത് നടത്തിയത്. രഹസ്യവിവരം ലഭിച്ചതു പ്രകാരം കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വികാസ് കെ.സുകുമാരന്‍ വിമാനതാവളത്തില്‍ നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശിയെ അടിവസ്ത്രത്തില്‍ പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം പിടികൂടിയത്. ദുബായില്‍ പ്രവാസികളെയും കൊണ്ടെത്തിയ വിമാനത്തിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
മൂന്നുദിവസം കൊണ്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് 3241 പ്രവാസികളാണ്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ വെള്ളിയാഴ്ച എട്ട് വിമാനങ്ങളിലായി 1459 പേരാണ് കണ്ണൂരിലിറങ്ങിയത്. മസ്‌കത്തില്‍നിന്ന് സലാം എയറില്‍ 186, 183, 185 എന്നിങ്ങനെയും ദുബായില്‍നിന്ന് ഗോ എയറില്‍ 187, ദോഹയില്‍നിന്ന് 181, ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 180, കുവൈത്തില്‍നിന്ന് ജസീറ എയര്‍വൈസില്‍ 163, ഫ്‌ളൈ ദുബായിയില്‍ 194 എന്നിങ്ങനെയാണ് യാത്രക്കാരെത്തിയത്.