അബുദാബി- എമിറേറ്റില്‍ പൊതുനിരത്തുകളിലെ പാര്‍ക്കിംഗ് ഫീസ് ജൂലൈ ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് അബുദാബി ട്രാന്‍സ്‌പോര്‍ട്ടും മുനിസിപ്പാലിറ്റിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് മൂന്ന് മാസത്തോളമായി പാര്‍ക്കിംഗ് ഫീസ് നിര്‍ത്തി വെച്ചിരുന്നു. പൊതുജന സൗകര്യത്തിനായി മൊബൈല്‍ വഴി പാര്‍ക്കിംഗ് ഫീസ് അടക്കാന്‍ അല്‍മവാഖിഫ് എന്ന ഓണ്‍ലൈന്‍ സേവനവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
പണമോ റീചാര്‍ജ കാര്‍ഡുകളോ ഉപയോഗിച്ച് മവാഖിഫ് ഫീസ് അടയ്ക്കാം. പൊതുജനസുരക്ഷ ഉറപ്പുവരുത്തുന്നതിന് എല്ലാ മെഷീനുകളും ദിവസേന അണുവിമുക്തമാക്കിയാണ് ഉപയോഗിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ, എല്ലാ പൊതുഗതാഗത മാര്‍ഗങ്ങളും അണുവിമുക്തമാക്കാനും ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം ശ്രദ്ധിക്കുമെന്നും അവര്‍ അറിയിച്ചു.