കോട്ടയം-കെപിസിസി പ്രസിഡന്റിനെ വളഞ്ഞിട്ട് ആക്രമിച്ച് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്ന് സിപിഐഎമ്മും സര്‍ക്കാരും കരുതേണ്ടതില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.. ഇന്നലെ സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റിന് എതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഇത്തരത്തിലുള്ള പരാമര്‍ശം നടത്താനുള്ള ധാര്‍മിക അവകാശത്തെ കുറിച്ച് മുഖ്യമന്ത്രി സ്വയം ആലോചിക്കണം.
കെപിസിസി പ്രസിഡന്റ് തന്നെ കെ.കെ ശൈലജയ്ക്ക് എതിരായ പ്രസ്താവനക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം കേരളാ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സംബന്ധിച്ചും ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കി.
മുമ്പും കേരള കോണ്‍ഗ്രസ് ഭിന്നിച്ചിട്ടുണ്ട്. ആ അവസരങ്ങളില്‍ ഇരുവിഭാഗവും യുഡിഎഫില്‍ തന്നെ തുടരുകയാണ് ചെയ്തത്. ഈ പ്രാവശ്യവും അതേരീതിയില്‍ തുടരണമെന്നാണ് യുഡിഎഫിന്റെ പൊതുവായ ആഗ്രഹം. രണ്ട് കൂട്ടരും പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.