കണ്ണൂര്‍- ലോക്ഡൗണില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് കടുത്ത പട്ടിണി മാറ്റാന്‍ 600 രൂപ മോഷ്ടിച്ച് അഴിക്കുള്ളിലായ യുവാവിന് മോചനം. നാലുമാസം മുമ്പ് ഹോട്ടല്‍ ജോലിക്കായി യുപിയില്‍ നിന്ന് കാസര്‍ഗോഡ് എത്തിയ യുവാവാണ് വിശപ്പ് സഹിക്കാതെ പണം മോഷ്ടിച്ചത്. ജാമ്യമെടുക്കാന്‍ പോലും ആളില്ലാതെ ജയിലില്‍ കുടുങ്ങിയ പതിനെട്ടുകാരനെ ജയില്‍സൂപ്രണ്ടിന്റെ ഇടപെടലാണ് തുണയായത്. ലോക്ഡൗണില്‍ ജോലി നഷ്ടമായ അജയ്ബാബു വിശന്നപ്പോള്‍ ഭക്ഷണം വാങ്ങാനായി പണം മോഷ്ടിക്കുകയായിരുന്നു.
പിടിക്കപ്പെട്ടതോടെ ജയിലിലായ അജയ് ബാബു അമ്മയെ ഓര്‍മ വന്നപ്പോള്‍ ജയില്‍ചാടി വീണ്ടും പിടിയിലായ അജയ്ബാബുവിനെ കുറിച്ച് ജയില്‍ സൂപ്രണ്ട് ജനാര്‍ദ്ദനന്‍ കാര്യങ്ങളന്വേഷിച്ച് മനസിലാക്കി. ഇതേതുടര്‍ന്ന് അദ്ദേഹം ഹമര്‍പൂര്‍ പോലിസില്‍ വിളിച്ച് വിവരം അറിയിക്കുകയും യുവാവിന്റെ കുടുംബക്കാരെ കണ്ടെത്തുകയും ചെയ്തു.
അവര്‍ ജാമ്യത്തുകയായി 25000 രൂപ എത്തിച്ചുനല്‍കുകയും ചെയ്തു. ഇതേതുടര്‍ന്ന് ജയില്‍മോചിതനായ അജയ്ബാബുവിന് ജയില്‍സൂപ്രണ്ട് തന്നെ പാന്റും ഷര്‍ട്ടും വാങ്ങി നല്‍കുകയും നാട്ടിലേക്കുള്ള യാത്രയില്‍ വഴിചിലവിനായി അഞ്ഞൂറ് രൂപ നല്‍കുകയും ചെയ്തു. കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം അജയ്ബാബു വീടണഞ്ഞു.