റിയാദ് - അനധികൃതമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ വില്‍പന നടത്തിയ രണ്ടു സംഘങ്ങളെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് കേണല്‍ ശാകിര്‍ അല്‍തുവൈജിരി അറിയിച്ചു.
അനധികൃത താമസക്കാരായ പത്തു ബംഗ്ലാദേശുകാരും ഒരു ഇന്ത്യക്കാരനുമാണ് അറസ്റ്റിലായത്. വിവിധ ടെലികോം കമ്പനികളുടെ പേരിലുള്ള 16,558 സിം കാര്‍ഡുകളും നാലു വിരലടയാള റീഡിംഗ് മെഷീനുകളും ഏതാനും കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ഇവരുടെ പക്കല്‍ കണ്ടെത്തി.
താമസസ്ഥലം കേന്ദ്രീകരിച്ച് ആദ്യ സംഘം സൗദി പൗരന്മാരുടെയും വിദേശികളുടെയും തിരിച്ചറിയല്‍ കാര്‍ഡ് കോപ്പികള്‍ ഉപയോഗിച്ച് അവരറിയാതെ അവരുടെ പേരില്‍ സിം കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യുകയും രണ്ടാമത്തെ സംഘം തങ്ങള്‍ ജോലി ചെയ്യുന്ന രണ്ടു സ്ഥാപനങ്ങള്‍ വഴി ഈ സിം കാര്‍ഡുകള്‍ വില്‍പന നടത്തുകയുമാണ് ചെയ്തിരുന്നത്.
നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റിയാദ് പോലീസ് വക്താവ് അറിയിച്ചു.