റിയാദ് - റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡിൽ രണ്ടു വനിതകളെ ഉൾപ്പെടുത്തി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി ഉത്തരവിട്ടു. റിയാദ് ചേംബറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡയറക്ടർ ബോർഡിൽ വനിതകൾക്ക് സാന്നിധ്യം ലഭിക്കുന്നത്. അറുപതു വർഷത്തിനിടെ റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡിൽ ഒരു വനിതക്കു പോലും സാന്നിധ്യം ലഭിച്ചിരുന്നില്ല.
ഖലൂദ് ബിൻത് അബ്ദുൽ അസീസ് അൽദഖീലും ലത്തീഫ അൽവഅ്‌ലാനുമാണ് റിയാദ് ചേംബർ ഡയറക്ടർ ബോർഡ് അംഗങ്ങളായി മാറി ചരിത്രം കുറിച്ചത്. ഇരുവരെയും വാണിജ്യ മന്ത്രി നേരിട്ട് നിയമിക്കുകയായിരുന്നു. വാണിജ്യ, ധന സേവന മേഖലകളിൽ പ്രവർത്തിക്കുന്ന ഇരുവരും അമേരിക്കയിൽ നിന്ന് എം.ബി.എ നേടിയിട്ടുണ്ട്. സൗദിയിൽ ചേംബർ ഓഫ് ഡയറക്ടർ ബോർഡ് അംഗങ്ങളിൽ മൂന്നിൽ രണ്ടു പേരെ ജനാധിപത്യ രീതിയിൽ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും അവശേഷിക്കുന്നവരെ വാണിജ്യ മന്ത്രി നേരിട്ട് നാമനിർദേശം ചെയ്യുകയുമാണ് പതിവ്.