ആലപ്പുഴ- കൊറോണ പ്രതിസന്ധിമൂലം നാട്ടില്‍ പോകാനാവാതെ വിഷമിച്ച തമിഴ്‌നാട്ടുകാരനായ ഭിക്ഷാടകനില്‍നിന്ന് വിമാനത്തില്‍ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് 11000 രൂപ തട്ടിയെടുത്തു. ചേര്‍ത്തല അര്‍ത്തുങ്കല്‍ ബീച്ചില്‍ ഡി.ടി.പി.സി പാര്‍ക്കിനോടു ചേര്‍ന്നു താമസിക്കുന്ന തമിഴ്‌നാട് തിരുവണ്ണാമലയ് കണ്ണമംഗലം പുതുപേട്ടയ് അമാവാസിയാണ് (72) തട്ടിപ്പിനിരയായത്.
ലോക്ഡൗണിനെ തുടര്‍ന്ന് നാല് മാസമായി നാട്ടിലേക്ക് പോകാനാകാതെ കഴിയുകയാണ് ഇയാള്‍. ഭക്ഷണകാര്യവും പ്രതിസന്ധിയിലായി. വിമാനത്തില്‍ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സുഹൃത്താണ് 11000 രൂപയോളം തട്ടിയെടുത്തതത്രെ. 48 വര്‍ഷത്തോളമായി ഇവിടെ ഭിക്ഷാടനം നടത്തിയാണ് ജീവിതം.
അമാവാസി ജാക്‌സണ്‍ എന്നാണ് പ്രദേശത്ത് അറിയപ്പെടുന്നത്. ചേര്‍ത്തല താലൂക്കിലെ വിവിധ ആരാധനാലയങ്ങളിലും വീടുകളിലും ഭിക്ഷാടനം നടത്തിയായിരുന്നു ജീവിതം. 6 മാസം കൂടുമ്പോള്‍ വീട്ടില്‍ പോയി സമ്പാദ്യമെല്ലാം നല്‍കും. മരിച്ചുപോയ ചേട്ടന്റെ ഭാര്യയും രണ്ട് പെണ്‍മക്കളുമാണ് അവിടെയുള്ളത്. ഭിക്ഷാടനത്തിനു പോയാല്‍ ദിവസം 300 രൂപയോളം ലഭിക്കും.
100 രൂപയുടെ പരമാവധി ചെലവ് കഴിഞ്ഞ് 200 രൂപ മിച്ചംപിടിക്കുമെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഒടുവില്‍ നാട്ടില്‍ പോയത്. ലോക്ഡൗണ്‍ കാലത്ത് ഭിക്ഷാടനത്തിന് നാട്ടുകാരും പോലീസും സമ്മതിക്കില്ല.
മുന്‍പ് ഒരുമിച്ചു ഭിക്ഷാടനം നടത്തിയ മട്ടാഞ്ചേരിയിലെ സുഹൃത്തിനെ ഓട്ടോയില്‍ പോയി കണ്ടു വിഷമം അറിയിച്ചു. നെടുമ്പാശേരിയില്‍നിന്നു ചെന്നെയിലേക്കു വിമാനത്തില്‍ ഒരുമിച്ചു പോകാമെന്നും വിമാനക്കൂലിയും വിമാനത്താവളത്തില്‍നിന്നു കാറില്‍ പോകാനായും 11000 രൂപ വാങ്ങിച്ചെന്നും പിന്നീട് വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും ജാക്‌സണ്‍ പറയുന്നു. അര്‍ത്തുങ്കലില്‍ പരിചിതര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ഇപ്പോള്‍ ജീവിതം.