Sorry, you need to enable JavaScript to visit this website.

സച്ചിയുടെ ശസ്ത്രക്രിയയിൽ പിഴവില്ലെന്ന് ഡോ.പ്രേംകുമാർ

തൃശൂർ - കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകൻ സച്ചിയ്ക്ക് ശസ്ത്രക്രിയ നടത്തിയതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോ.പ്രേംകുമാർ. സച്ചിക്ക് ശസ്ത്രക്രിയക്കിടെ അനസ്‌തേഷ്യ നൽകിയപ്പോഴാണ് ഹൃദയാഘാതമുണ്ടായതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ സച്ചിക്ക് നൽകിയത് ബോധം കെടുത്തുന്ന അനസ്‌തേഷ്യയല്ലെന്നും ശസ്ത്രക്രിയ കഴിഞ്ഞ് ആറുമണിക്കൂറിന് ശേഷമാണ് സച്ചിക്ക് ഹൃദയാഘാതമുണ്ടായതെന്നും ഡോ.പ്രേംകുമാർ പ്രതികരിച്ചു.
ശസ്ത്രക്രിയക്ക് ശേഷവും സച്ചി പൂർണ ആരോഗ്യവാനായിരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയതിൽ പിഴവില്ലെന്നും ശസ്ത്രക്രിയ കഴിഞ്ഞ് നാലുതവണ സച്ചി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നുവെന്നും വളരെ സന്തോഷവാനായിരുന്നു അദ്ദേഹമെന്നും ഐ.സി.യുവിൽ സച്ചിയെ രണ്ടുമൂന്നുതവണ സന്ദർശിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നുവെന്നും ഡോ.പ്രേംകുമാർ പറഞ്ഞു. പിന്നീടാണ് ഹൃദയാഘാതമുണ്ടായതെന്നും ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നൽകിയ ശേഷമാണ് സച്ചിയെ ജൂബിലിമിഷൻ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും പ്രേംകുമാർ വിശദീകരിച്ചു.
സച്ചിയുടെ രണ്ട് ഇടുപ്പെല്ലുകൾക്കും രക്തയോട്ടം നിലച്ചതിനാൽ ഹിപ്പ് മാറ്റിവെക്കൽ മാത്രമേ പരിഹാരമുണ്ടായിരുന്നുള്ളുവെന്നും ഏറെ വേദന സച്ചി സഹിച്ചിരുന്നുവെന്നും മെയ് ഒന്നിനാണ് വലത്തേ ഭാഗത്തെ ഹിപ്പ് മാറ്റിവെച്ചതെന്നും ഡോ.പ്രേംകുമാർ പറഞ്ഞു. മെയ് നാലിന് സച്ചിയെ ഡിസ്ചാർജ് ചെയ്തിരുന്നു. അഞ്ചാഴ്ചയ്ക്ക് ശേഷമാണ് ഇടത്തേ ഹിപ്പിന്റെ ശസ്ത്രക്രിയക്കായി സച്ചിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ആദ്യത്തെ ഹിപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ സമയത്ത് സച്ചിക്ക് ഓപ്പറേഷന് വിധേയനാകുന്നതിനെക്കുറിച്ച് പേടിയുണ്ടായിരുന്നുവെന്നും എന്നാൽ അത് വിജയകരമായതോടെ ഒട്ടും പേടിയില്ലാതെയാണ് രണ്ടാമത്തെ ശസ്ത്രക്രിയക്കായി സച്ചി ആശുപത്രിയിലെത്തിയതെന്നും ഡോ.പ്രേംകുമാർ ഓർക്കുന്നു. ബോധം കെടുത്താതെ സ്‌പൈനൽ അനസ്‌തേഷ്യയാണ് സച്ചിക്ക് നൽകിയത്. ഓപ്പറേഷൻ തീയറ്ററിൽ വെച്ച് സച്ചി തന്നോട് സംസാരിക്കുകയും മാറ്റി വെക്കുന്ന ഹിപ്പ് ജോയിന്റ് തനിക്ക് കാണിച്ചു തരണമെന്ന് സച്ചി ആവശ്യപ്പെടുകയും ശസ്ത്രക്രിയക്ക് ശേഷം അത് സച്ചിക്ക് താൻ കാണിച്ചു കൊടുത്തുവെന്നും ഡോ.പ്രേംകുമാർ പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് ബോധം വന്നശേഷം സച്ചിയെ ഐസിയുവിലേക്ക് മാറ്റിയപ്പോൾ രണ്ടു തവണ ഭാര്യ കയറി കണ്ടു സംസാരിച്ചിരുന്നുവെന്നും ഐസിയുവിലെ ജീവനക്കാരോട് സച്ചി സംസാരിക്കുന്നുണ്ടായിരുന്നുവെന്നും പെട്ടന്നാണ് ഹൃദയാഘാതമുണ്ടായതെന്നും പ്രേംകുമാർ വിശദീകരിച്ചു.
ശസ്ത്രക്രിയക്കിടെയോ അനസ്‌തേഷ്യ നൽകുന്നതിനിടെയോ ആണ് സച്ചിക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന പ്രചരണം തെറ്റാണെന്നും സച്ചിയുടെ വീട്ടുകാർക്കും സത്യാവസ്ഥ അറിയാമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് സച്ചി സുഹൃത്തും സഹോദരനുമായിരുന്നുവെന്നും സച്ചിയുടെ അപ്രതീക്ഷിത മരണത്തിലും അതെത്തുടർന്നുണ്ടായ ഈ അഭ്യൂഹങ്ങളിലും അതിയായ വിഷമമുണ്ടെന്നും വൈകാതെ സച്ചിയുടെ ബന്ധുക്കളുമൊന്നിച്ച് ഇക്കാര്യത്തിൽ വീണ്ടും വിശദീകരണം നൽകുമെന്നും ഡോ.പ്രേംകുമാർ പ്രതികരിച്ചു.

 

Latest News