തിരുവനന്തപുരം- അടിയന്തര സഹായങ്ങള്‍ക്കും പോലീസിനെ വേഗത്തില്‍ ബന്ധപ്പെടാനുള്ള സൗകര്യവുമായി കേരളാ പോലീസ് പുതിയ മൊബൈല്‍ ആപ് അവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്ന 'രക്ഷ' എന്ന ആപ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. എസ്.ഐമാര്‍ മുതല്‍ സംസ്ഥാന പോലീസ് മേധാവി വരെയുള്ള കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളും ഈ ആപ്പില്‍ ലഭ്യമാണ്. തൊട്ടടുത്ത പോലീസ് സ്റ്റേഷനും ഓരോ പ്രദേശത്തിന്റെയും അധികാരപരിധിയിലുള്ള സ്റ്റേഷനുകളേയും വേഗത്തില്‍ ഇതുപയോഗിച്ച് കണ്ടു പിടിക്കാം.
അടിയന്തിര സഹായങ്ങള്‍ക്കുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍, സ്ത്രീ സുരക്ഷാ നിര്‍ദേശങ്ങള്‍, പോലീസ് അറിയിപ്പുകള്‍, ഗതാഗത സുരക്ഷാ നിര്‍ദേശങ്ങള്‍, ജാഗ്രതാ നിര്‍ദേശങ്ങള്‍ എന്നിവയും ഈ ആപ്പില്‍ ലഭിക്കും. വെബ്‌സൈറ്റില്‍ ലഭ്യമായ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സ്റ്റാറ്റസ്, എഫ് ഐ ആര്‍ ഡൗണ്‍ലോഡിങ്, പരാതിയുടെ നിലവിലെ സ്ഥിതി അറിയല്‍ തുടങ്ങിയ സൗകര്യങ്ങളും രക്ഷ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്നാണ് രക്ഷ ആപ്പ് വികസിപ്പിച്ചെടുത്തത്.
ബീറ്റ വേര്‍ഷനില്‍ അവതരിപ്പിച്ച 'രക്ഷ' പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ച് കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഒക്ടോബര്‍ മൂന്ന് വരെ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ [email protected], [email protected], [email protected], [email protected] എന്നീ ഇ-മെയിലുകളിലേക്ക് അയക്കാം.