ബെയ്‌റൂത്ത്- ഭീകര സംഘടനയായ ഐ.എസിന്റെ തലവൻ അബൂബക്കർ ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാർത്ത സത്യമല്ലെന്ന് സംശയം. അബൂബക്കർ ബഗ്ദാദിയുടെ പുതിയ സന്ദേശം ഐ.എസിന്റെ ഭാഗമായ അൽ ഫുർഖാൻ മീഡിയ ഗ്രൂപ്പ് പുറത്തുവിട്ടു. ഉത്തരകൊറിയയിലെ പുതിയ പ്രശ്‌നങ്ങളടക്കം വിശദീകരിക്കുന്ന ഓഡിയോയാണ് പുറത്തുവിട്ടത്. രക്തം ചിന്തിയുള്ള പോരാട്ടം പാഴാകില്ലെന്നും വിജയമുണ്ടാകുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
ഇറാഖിലെ ഐ.എസ് ശക്തികേന്ദ്രമായ മൊസൂളിൽനടന്ന ഏറ്റുമുട്ടലിനെ കുറിച്ചടക്കം ഓഡിയോയിൽ പറയുന്നുണ്ട്. ഇതിന് പുറമെ, സിറിയയിലെ റാഖ, ഹമ, ലിബിയയിലെ സിർത്ത് എന്നിവടങ്ങളിലെ പോരാട്ടങ്ങളെ പറ്റിയും ബഗ്ദാദി വിവരിക്കുന്നു. 2014-ൽ മൊസൂളിലെ അൽ നൂഫറി പള്ളിയിലാണ് ബഗ്ദാദിയെ അവസാനമായി കണ്ടത്. അതിന് ശേഷം ഇയാൾ കൊല്ലപ്പെട്ടുവെന്ന് നിരവധി തവണ വാർത്തകൾ വന്നു. ഇക്കഴിഞ്ഞ മെയിലാണ് ഇത് സംബന്ധിച്ച് അവസാനത്തെ വാർത്ത വന്നത്. റാഖയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ബഗ്ദാദി കൊല്ലപ്പെട്ടുവെന്നായിരുന്നു വാർത്ത. ഇറാൻ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് ശേഷം ഇതാദ്യമായാണ് ബഗ്ദാദിയുടെ പേരിൽ പുതിയ ഓഡിയോ പുറത്തുവന്നിരിക്കുന്നത്.