ജിദ്ദ- കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള രണ്ട് ചാർട്ടേഡ് വിമാനങ്ങൾ പുറപ്പെട്ടു. സൗദി എയർലൈൻസിന്റെ ജംബോ ജെറ്റ് വിമാനങ്ങളിൽ മൊത്തം 492 യാത്രക്കാരാണുള്ളത്. ഓരോ സീറ്റ് ഒഴിച്ചിട്ട് സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു യാത്ര. ഇന്ന് വെളുപ്പിന് 4.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനത്തിൽ ഒൻപത് കുട്ടികളടക്കം 246 പേരും 7.30 ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പത്ത് കുട്ടികളടക്കം 246 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാർക്കു വേണ്ട സഹായങ്ങൾ ചെയ്യുന്നതിന് കെ.എം.സി.സിയുടെ വളണ്ടിയർമാർ ഉറക്കമൊഴിഞ്ഞ് നേതാക്കളായ അബൂബക്കർ അരിമ്പ്ര, അഹമ്മദ് പാളയാട്, അലി അക്ബർ എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിലുണ്ടായിരുന്നു. യാത്രക്കാർക്ക് കെ.എം.സി.സിയുടെ വക സുരക്ഷാ കിറ്റുകളും വിതരണം ചെയ്തിരുന്നു.
സൗദി അധികൃതരുടെയും സൗദിയ എയർലൈൻസ് ജീവനക്കാരുടെയും കോൺസുലേറ്റിന്റെയും ഭാഗത്ത് നിന്ന് നല്ല സഹകരണമാണ് ലഭിച്ചതെന്ന് നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിച്ച അലി അക്ബർ പറഞ്ഞു. ഇനിയും ചാർട്ടർ വിമാനങ്ങൾ പ്‌ളാൻ ചെയ്തിട്ടുണ്ടെന്നും നാട്ടിലെത്തുന്നതിന് കോവിഡ് ടെസ്റ്റ് നിർബന്ധമാണെന്നതിൽ വിട്ടുവീഴ്ചയുണ്ടായാൽ അതു സാധ്യമാക്കുമെന്നും രണ്ടു ദിവസത്തിനകം റിയാദിൽ നിന്ന് കെ.എം.സി.സിയുടെ രണ്ട് ചാർട്ടർ വിമാനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.