മലപ്പുറം- സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയ അതിഥിത്തൊഴിലാളികള്‍ തിരിച്ചെത്താന്‍ തുടങ്ങി. ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്താണ് പലരുടെയും മടക്കം. കോവിഡ് പരിശോധനകളൊന്നുമില്ലാതെയാണ് ഇവര്‍ എത്തുന്നത്.
തൊഴിലാളിക്ഷാമം കാരണം പണി മുടങ്ങിയതിനാല്‍ കരാറുകാരും മറ്റും മുന്‍കൈയെടുത്താണ് ഇവരെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നത്. ചൊവ്വാഴ്ച മാത്രം മിനിബസുകളിലും ലോറിയിലുമായി നൂറ്റമ്പതോളം അതിഥിത്തൊഴിലാളികള്‍ വാളയാര്‍ അതിര്‍ത്തി കടന്നെത്തിയതായാണ് വിവരം.
ഇടനിലക്കാര്‍ മുന്‍കൈയെടുത്താണ് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി തിരിച്ചെത്തിക്കുന്നത്. ഇവര്‍ ക്വാറന്റൈനിലൊന്നും പോകാതെ നേരെ പണിസ്ഥലങ്ങളിലെത്തുകയാണ്. ഇത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.