നിലമ്പൂർ- 'പാണക്കാടുനിന്ന് തങ്ങന്മാർ വരുമ്പോൾ എന്നെയൊന്ന് വന്നു കാണാൻ പറയണം'- ശരീരം പാടേ തളർന്ന് കിടപ്പിലായ രാമംകുത്ത് നൗഷാദിന് ഉറ്റസുഹൃത്തുക്കളോട് പറയാനുള്ളത് ഇതുമാത്രമായിരുന്നു. പാർക്കിൻസൻസ് രോഗംമൂലം പത്ത് വർഷത്തിലേറെയായി കിടപ്പിലാണ് ഈ 38 കാരൻ.
എടക്കര യതീംഖാനയിൽ ഒമ്പത് വർഷം പഠിച്ച നൗഷാദിന്റെ ആഗ്രഹം അവിടുത്തെ പൂർവ വിദ്യാർഥി അസോസിയേഷൻ വെൽഫയർ വിംഗ് ചെയർമാൻ ഷൗക്കത്ത് വണ്ടൂർ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി. അശ്‌റഫലിയോടും യതീംഖാന ജനറൽ സെക്രട്ടറി പി.എച്ച്. ഇബ്രാഹിമിനോടും വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞദിവസം ഒരു നിർധന പ്രവാസിയുടെ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികൾക്ക് ജിദ്ദ നിലമ്പൂർ മുനിസിപ്പൽ കെ.എം.സി.സി നൽകിയ ലാപ്‌ടോപ് സമ്മാനിക്കാനെത്തിയ മുനവ്വറലി തങ്ങളോട് ഇരുവരും ഇക്കാര്യം സൂചിപ്പിച്ചു. സസന്തോഷം സമ്മതിച്ച തങ്ങൾ ചടങ്ങിന് ശേഷം നൗഷാദിനെ സന്ദർശിക്കുകയായിരുന്നു.
നിലമ്പൂർ സ്റ്റേഷൻപടിക്കൽ ഒരു കൂൾബാർ ജീവനക്കാരനായ നൗഷാദിനെ കൈവിറക്കുകയാണെന്ന കാരണത്താൽ 2010 ന്റെ തുടക്കത്തിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടപ്പോഴാണ് കുടുംബം രോഗവിവരം അറിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ന്യൂറോളജി വിദഗ്ധൻ ഡോ. ജയിംസ് ജോസിനെയാണ് ആദ്യം സമീപിച്ചത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഇ.എം.എസ് ഹോസ്പിറ്റലിൽ ഡോ. മുഈനുൽഹഖിന്റെ മേൽനോട്ടത്തിൽ വിദഗ്ധ ടെസ്റ്റുകൾ നടത്തി. ശേഷം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നടത്തി. ഡോസ് കൂടിയ മരുന്നുകൾ കഴിച്ചതിന് ശേഷം തലകറങ്ങിവീഴുന്നത് നിത്യസംഭവമായി. അതിനാൽ രണ്ട് വർഷത്തിന് ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്ര അവസാനിപ്പിക്കേണ്ടിവന്നു. പിന്നീട് ഇതുവരെ ശ്രീചിത്രയിൽനിന്നുള്ള മരുന്ന് തുടർത്തിവരികയാണ്. ചികിത്സിച്ച ഡോക്ടർമാരെല്ലാം രോഗം ഭേദമാകില്ലെന്ന് തീർപ്പുകൽപ്പിച്ചിട്ടുണ്ട്. പിടിച്ചിരുത്തിയാൽ പോലും കഴിയാതെ തീർത്തും കിടപ്പിലായിട്ട് ഇപ്പോൾ വർഷം മൂന്ന് പിന്നിട്ടു. മാസങ്ങളായി സംസാരിക്കുന്നതും വ്യക്തമല്ല.
ചന്തക്കുന്ന് പാലിയേറ്റീവ് കെയർ ക്ലിനിക്ക് പ്രവർത്തകർ വാതം, അപസ്മാരം, ഉറക്കില്ലായ്മ എന്നിവക്കുള്ള മരുന്നും മറ്റ് ശുശ്രൂഷകളും നൽകിവരുന്നുണ്ട്. രാമംകുത്ത് മഹല്ല് കമ്മിറ്റിയും എടക്കര മുസ്‌ലിം ഓർഫനേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷനുമാണ് സ്ഥിരമായി ഈ കുടുംബത്തിനെ സഹായിച്ചുവരുന്നത്. ഭാര്യ: സലീന സ്വന്തംവീട്ടിൽ പോലും താമസിക്കാൻ പോകാതെ നൗഷാദിനെ പരിച്ചുവരികയാണ്. ഹിബ ഷെറിൻ (14), മുഹമ്മദ് ഹാഷിം (12), മുഹമ്മദ് ഹിഷാം (ഒമ്പത്) എന്നിവരാണ് നൗഷാദിന്റെ മക്കൾ. മാതാവ്: നബീസ കുന്നത്ത്.
എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി. അശ്‌റഫലി, സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഡോ. കണ്ണിയൻ അബ്ദുസ്സലാം, മലയാളം ന്യൂസ് എഡിറ്റർ ഷൗക്കത്ത് വണ്ടൂർ, എടക്കര മുസ്‌ലിം ഓർഫനേജ് ജനറൽ സെക്രട്ടറി പി.എച്ച്. ഇബ്രാഹിം പാലുണ്ട, മുൻസിപ്പൽ മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് അടുക്കത്ത്, നിലമ്പൂർ മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് സി.എച്ച് അബ്ദുൽകരീം, ജനറൽ സെക്രട്ടറി ഡോ. അൻവർശാഫി ഹുദവി, ഭാരവാഹികളായ നിയാസ് മുതുകാട്, അബൂബക്കർ ചീമാടൻ, ആരിഫ് എ.പി, സിറാജ് അടുക്കത്ത് എന്നിവരും മുനവ്വറലി ശിഹാബ് തങ്ങളോടൊപ്പം നൗഷാദിനെ സന്ദർശിക്കാനെത്തിയിരുന്നു.