ന്യൂദല്‍ഹി- തുടര്‍ച്ചയായ പതിമൂന്നാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് വര്‍ധിപ്പിച്ചത്. 13 ദിവസം കൊണ്ട് ഡീസലിന് 7 രൂപ 28 പൈസയും പെട്രോളിന് 7 രൂപ 9 പൈസയുമാണ് വർധിച്ചത്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ ഇന്ധന വില വർധിപ്പിച്ചു തുടങ്ങിയത്. കോവിഡ് പശ്ചാത്തലത്തില്‍ നിർത്തിവെച്ച ഇന്ധന വില വർധനയാണ് ഇപ്പോള്‍ തുടർച്ചയായി നടപ്പിലാക്കുന്നത്.
ഈ രീതിയിൽ മുന്നോട്ട് പോയാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ 80 മുതൽ 85 രൂപ വരെ പെട്രോൾ, ഡീസൽ നിരക്ക് എത്തുമെന്നാണ് വിപണി നിരീക്ഷകർ കരുതുന്നത്. ഇന്ധന വില തുടർച്ചയായി വർധിക്കുന്നതിനാൽ അവശ്യ സാധനങ്ങളുടെ വില വർധനക്കും സാധ്യതയുണ്ട്.