Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിസന്ധി: ഫീസ് കുറഞ്ഞ പഠന കേന്ദ്രങ്ങൾ തേടി രക്ഷിതാക്കൾ നെട്ടോട്ടത്തിൽ

ദുബായ്- കോവിഡ് 19 അപ്രതീക്ഷിതമായിതീർത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കുടുംബ ബജറ്റിൽ കുറവ് വരുത്താൻ നിർബന്ധിതരായിരിക്കുകയാണ് ഗൾഫ് മേഖലയിലെ പ്രവാസി കുടുംബങ്ങൾ.  ഉയർന്ന നിരക്കിൽ പ്രവർത്തിച്ചിരുന്ന പഠനകേന്ദ്രങ്ങളിൽ നിന്ന് കുട്ടികളെ താരതമ്യേന ഫീസ് കുറഞ്ഞ ഇടങ്ങളിലേക്ക് മാറ്റാനുള്ള നെട്ടോട്ടത്തിലാണ് മാതാപിതാക്കൾ.
കുറഞ്ഞ നിരക്കുള്ള സ്ഥാപനങ്ങളിലെ പ്രവേശന അപേക്ഷകളിൽ ഗണ്യമായ വർധന കോവിഡിനുശേഷം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 2300 വിദ്യാർഥികൾ പഠിച്ചിരുന്ന ദുബായിലെ ഗൾഫ് മോഡൽ സ്‌കൂളിൽ ഈ മാസം മാത്രം 100 കുട്ടികളാണ് അധികമായി അപേക്ഷ നൽകിയതെന്ന് സ്‌കൂൾ മേധാവി ഷൈനി ഡേവിസൺ പറയുന്നു. ആഴ്ചയിൽ 25 ഉം 30 ഉം കുട്ടികളാണ് അധികമായി അപേക്ഷകരായി എത്തുന്നത്്. തങ്ങളുടെ സ്‌കൂളിനെ സംബന്ധിച്ചിടത്തോളം വലിയ തോതിലുള്ള വർധനവ് തന്നെയാണിത്. കുറഞ്ഞ നിരക്കിൽ പ്രവർത്തിക്കുന്നതിനാൽ കൂടുതൽ അപേക്ഷകളാണ് വന്നുകൊണ്ടിരിക്കുന്നത്. വർധനവിന് അനുസൃതമായി നിലവാരം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കുകയാണ് ഇനി തങ്ങളുടെ ലക്ഷ്യമെന്ന് അവർ കൂട്ടിച്ചേർത്തു. കെ.ജി വിദ്യാർഥികളിൽ നിന്ന് 3600 ദിർഹവും 12ാം ക്ലാസ് വിദ്യാർഥികളിൽനിന്ന് 6600 ദിർഹവുമാണ് ഈ സ്ഥാപനം വർഷം ഈടാക്കുന്നത്.


ദുബായിലെ ദൽഹി പ്രൈവറ്റ് സ്‌കൂളിൽ 10,000 ദിർഹം മുതൽ 14,416 ദിർഹം വരെയാണ് വാർഷിക നിരക്ക്. 3600 കുട്ടികൾ പഠിച്ചിരുന്ന അവിടെ നിലവിൽ 3848 കുട്ടികളാണ് പഠിക്കുന്നത്. 150 വിദ്യാർഥികളാണ് മാർച്ചിൽ മാത്രം പവേശനം നേടിയത്. മാനവ വിഭവശേഷി വികസന വിദ്യാഭ്യാസ വിഭാഗം നടത്തിയ റേറ്റിംഗിൽ മികച്ച നിലവാരമുള്ള സ്ഥാപനങ്ങളിലൊന്നാണ് ദൽഹി പ്രൈവറ്റ് സ്‌കൂൾ. കുറഞ്ഞ നിരക്കും നിലവാരമുള്ള വിദ്യാഭ്യാസവുമാണ് ഞങ്ങളെ ആകർഷിക്കുന്ന ഘടകം- പ്രിൻസിപ്പൽ രശ്മി നന്ദകിയോല്യാർ പറയുന്നു. 


മുഖ്യധാരാ സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച കുട്ടികൾക്കായി 2019 ൽ കോഡഡ് മൈൻഡ്സ് എന്ന സംഘടന തുടങ്ങിയ ഹോപ്പ് അക്കാദമിയിലുണ്ടായ വർധനവ് പ്രതീക്ഷിക്കാവുന്നതിലും ഏറെയാണ്. കഴിഞ്ഞ മാസങ്ങളിൽ പഠിച്ചിരുന്ന 200 കുട്ടികൾക്ക് പുറമെ 800ൽ അധികം പേരാണ് ഈ മാസം ചേർന്നിരിക്കുന്നത്. ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങൾ അടങ്ങിയ കോഴ്‌സിന് മാസാന്തം 500 ദിർഹവും ശാസ്ത്രം, ടെക്‌നോളജി, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങൾക്ക് 1000 ദിർഹവുമാണ് ഹോപ്പ് അക്കാദമി ഈടാക്കുന്നത്. ഭാഷകൾ, ചരിത്രം, ലിബറൽ ആർട്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് വാർഷിക ഫീ 3500 ദിർഹം ഈടാക്കുന്ന രീതിയും ഹോപ്പ് അക്കാദമിയിലുണ്ട്. 'താരതമ്യേന വളരെ കുറഞ്ഞ നിരക്കാണ് ഞങ്ങളുടേത്. ഈ വർഷാവസാനം വിദ്യാർഥികളുടെ എണ്ണം 5000 ആവുമെന്നാണ് പ്രതീക്ഷ'- കോഡഡ് മൈൻഡ്സ് സ്ഥാപകൻ ഒമർ ഫാറൂഖി പറയുന്നു. ഹോപ്പ് അക്കാദമിയുടെ സേവനങ്ങളുടെ ഗുണഭോക്താക്കളിലൊരാളാണ് അഹ്മദ്. 


ദുബായിലെ ഇവന്റ്‌സ് ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന രണ്ടുപേരുടെ പിതാവായ അഹമ്മദ് സെപ്റ്റംബർ വരെ ശമ്പളമില്ലാത്ത അവധിക്ക് പോകാൻ നിർബന്ധിതനായതോടെ സ്‌കൂൾ ഫീസ് അടയ്ക്കാൻ നന്നേ ബുദ്ധിമുട്ടി. ഇരുവരെയും അക്കാദമിയിൽ ചേർത്തതോടെ നിരക്കിൽ വന്ന മാറ്റവും അതുവഴി ഉണ്ടായ ആശ്വാസവും ഏറെ വലുതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

Latest News