കൽപറ്റ- കഴിഞ്ഞ ഓഗസ്റ്റിൽ മേപ്പാടി പച്ചക്കാട് ഉരുൾപൊട്ടിയതിനെത്തുടർന്നു പുത്തുമല പ്രദേശത്തു അടിഞ്ഞ മരങ്ങൾ ലേലം ചെയ്തതിൽ ക്രമക്കേടു നടന്നതായി സി.പി.ഐ മേപ്പാടി, ചൂരൽമല ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സി.സഹദേവൻ, എ.പ്രശാന്തൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒരു കോടി രൂപ വിലമതിക്കുന്ന മരങ്ങളാണ് പുത്തുമലയിൽ അടിഞ്ഞത്. ഇതു നിസ്സാര തുകയ്ക്കാണ് ലേലം ചെയ്തത്. മരങ്ങൾ ഇനംതിരിച്ചു വില നിർണയിക്കുന്നതിൽ വനം വകുപ്പിനും ലേല നടപടികളിൽ റവന്യൂ വകുപ്പിനും വീഴ്ചയുണ്ടായി. തന്റെ സ്ഥലത്ത് അടിഞ്ഞ മരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൻകാടൻ മൂസ ജില്ലാ കലക്ടർക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് മെയ് 20ന് ലേലം നടത്തിയത്.
നോട്ടീസ് വെള്ളാർമല വില്ലേജ് ഓഫീസിലെ ബോർഡിൽ മാത്രമാണ് പതിച്ചത്. മറ്റു വില്ലേജുകളിലെ ബോർഡുകളിലോ പൊതുസ്ഥലങ്ങളിലോ നോട്ടീസ് പതിച്ചില്ല. ലേലവിവരം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതുമില്ല. മൂസയുടെ സ്ഥലത്തും പരിസരത്തും അടിഞ്ഞ മരങ്ങൾ ലേലം ചെയ്യുന്നതായാണ് നോട്ടീസിൽ ഉണ്ടായിരുന്നത്. സ്ഥലം കൃത്യമായി പറയാത്തതും മരങ്ങളുടെ വില ഇനംതിരിച്ച് നിശ്ചയിക്കാത്തതും സർക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടത്തിനു കാരണമായി. ഇതിനകം 150 ലോഡ് വിറകും എട്ടു ലോഡ് മരവും പുത്തുമലയിൽനിന്നു നീക്കിയിട്ടുണ്ട്. ലേലം കുറ്റമറ്റരീതിയിൽ നടത്താതെ സർക്കാരിനു വൻതുക നഷ്ടംവരുത്തിയതു സമഗ്രാന്വേഷണത്തിനു വിധേയമാക്കണമെന്നും സി.പി.ഐ നേതാക്കൾ ആവശ്യപ്പെട്ടു.