തൃശൂർ - തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി എന്ന സച്ചിദാനന്ദൻ (48) അന്തരിച്ചു. ശസ്ത്രക്രിയക്കിടെയുണ്ടായ ശക്തമായ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ മറ്റൊരു ആശുപത്രിയിൽ നടത്തുന്നതിനിടെ അനസ്‌തേഷ്യ നൽകിയപ്പോഴാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂബിലിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ വെന്റിലേറ്ററിലായിരുന്നു സച്ചി.
ശക്തമായ ഹൃദയാഘാതത്തെ തുടർന്ന് തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചിരുന്നതിനാൽ തലച്ചോർ പ്രതികരിക്കുന്നുണ്ടായിരുന്നില്ല.
കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി ഏറെ നാളായി എറണാകുളം തൃപ്പുണിത്തുറയിലാണ് താമസം.
അഭിഭാഷകനായിരുന്ന സച്ചി സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന സേതുവുമൊന്നിച്ചാണ് മലയാള സിനിമയിലേക്ക് തിരക്കഥാകൃത്തായി പ്രവേശിക്കുന്നത്. 2007ൽ പുറത്തുവന്ന ചോക്ലേറ്റ് എന്ന സിനിമയുടെ തിരക്കഥ സച്ചിയും സേതുവും ചേർന്നാണ് എഴുതിയത്. ചിത്രം സൂപ്പർഹിറ്റായതോടെ മലയാള സിനിമയിലെ ഈ പുതിയ ഇരട്ട തിരക്കഥാകൃത്തുക്കൾക്കും തിരക്കായി. പിന്നീട് 2012ൽ ജോഷിയുടെ മോഹൻലാൽ ചിത്രമായ റൺ ബേബി റണ്ണിലൂടെ സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായി.
അനാർക്കലി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി.
അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. രാമലീല, ഡ്രൈവിംഗ് ലൈസൻസ് എന്നീ സിനിമകൾക്ക് തിരക്കഥയെഴുതി.
സച്ചി ജനിച്ചത് കൊടുങ്ങല്ലൂരിലാണെങ്കിലും എറണാകുളത്തായിരുന്നു പഠനവും താമസവുമെല്ലാം. മാല്യങ്കര എസ്.എൻ.എം കോളജിൽ നിന്നും കോമേഴ്‌സിൽ ബിരുദം നേടിയ സച്ചി എറണാകുളം ഗവ.ലോ കോളജിൽ നിന്ന് എൽ.എൽ.ബിയെടുത്ത് എട്ടു വർഷം ഹൈക്കോടതിയിൽ ക്രിമിനൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.
സേതുവുമൊത്ത് ചോക്ലേറ്റിൽ തുടങ്ങിയ കൂട്ടുകെട്ടിൽ റോബിൻഹുഡ്, മെയ്ക്കപ്പ് മാൻ, സീനിയേഴ്‌സ്, ഡബിൾസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.
പിന്നീട് ഇരുവരും പിരിഞ്ഞതിന് ശേഷം സച്ചി ആദ്യം എഴുതിയ റൺ ബേബി റണ്ണിനു ശേഷം ചേട്ടായീസ്, രാമലീല, ഷെർലക് ടോംസ് എന്നീ ചിത്രങ്ങൾക്കും സച്ചി തന്നെ സംവിധാനം ചെയ്ത അനാർക്കലിക്കും അയ്യപ്പനും കോശിക്കും തിരക്കഥയെഴുതി. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതിനിടെയാണ് സച്ചിയെ അവിചാരിതമായി മരണം കൊണ്ടുപോയത്. ചേട്ടായീസ് എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു സച്ചി.