കോട്ടയം - റിയാദിൽ നിന്നെത്തിയ യുവ ദമ്പതികളിൽ ഭർത്താവിന് കോവിഡ്. യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്. കെ.എസ്.ആർ.ടി.സി ബസിൽ കോട്ടയത്ത് എത്തിയ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. ദൽഹിയിൽനിന്ന് എറണാകുളത്തെത്തി കോട്ടയത്തേക്ക് ബസിൽ വന്ന കറുകച്ചാൽ സ്വദേശിയായ യുവാവ് ഉൾപ്പെടെ 11 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ആറു പേർ ഗൾഫിലെ വിവിധ രാജ്യങ്ങളിൽനിന്ന് വന്നവരാണ്. അഞ്ചു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരും. ഇതിൽ അഞ്ചു പേർക്കാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 67 ആയി. 39 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 26 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്.
രോഗം ഭേദമായ രണ്ടു പേർ ഇന്നലെ ആശുപത്രി വിട്ടു. അബുദാബിയിൽനിന്ന് മെയ് 31 ന് എത്തിയ ചിറക്കടവ് സ്വദേശിനിയും (37) ദൽഹിയിൽനിന്ന് മെയ് 28 ന് എത്തിയ തൃക്കൊടിത്താനം സ്വദേശിനിയു (22) മാണ് രോഗമുക്തരായത്. ജില്ലയിൽ ആകെ 53 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
രോഗം സ്ഥിരീകരിച്ചവർ: ജൂൺ 11 ന് കുവൈത്തിൽനിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി (28) ക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മുംബൈയിൽനിന്നും ജൂൺ ഒന്നിന് വിമാനത്തിൽ എത്തിയ ചിറക്കടവ് സ്വദേശി (53). ഹോം ക്വാറന്റൈനിലായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. കുവൈത്തിൽനിന്നും ജൂൺ 13 ന് എത്തിയ നെടുംകുന്നം സ്വദേശി (36), ഇതേ വിമാനത്തിൽ എത്തിയ മറ്റൊരാൾക്കൊപ്പം നെടുംകുന്നത്ത് ഹോം ക്വാറന്റൈനിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്നാണ് സാമ്പിൾ പരിശോധന നടത്തിയത്. മഹാരാഷ്ട്രയിൽനിന്ന് ജൂൺ 12 ന് ട്രെയിനിൽ എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന നീണ്ടൂർ സ്വദേശിനി (20) രോഗലക്ഷണങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. റിയാദിൽനിന്നും ജൂൺ എട്ടിന് ഭാര്യക്കൊപ്പം എത്തി ഹോം ക്വാറന്റൈയിനിൽ കഴിഞ്ഞിരുന്ന നീണ്ടൂർ സ്വദേശി (33) രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് സാമ്പിൾ ശേഖരിച്ചു. ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ദൽഹിയിൽനിന്നും ജൂൺ ആറിന് ട്രെയിനിൽ എത്തിയ ഗർഭിണിയായ തൃക്കൊടിത്താനം സ്വദേശിനി (32) ക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
മുംബൈയിൽനിന്ന് ജൂൺ എട്ടിന് വിമാനത്തിൽ എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ചിങ്ങവനം സ്വദേശിനി (27) ക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് സാമ്പിൾ ശേഖരിച്ചത്, കുവൈത്തിൽനിന്നും ജൂൺ രണ്ടിന് എത്തിയ ചങ്ങനാശ്ശേരി മലകുന്നം സ്വദേശിനി (53) ഹോം ക്വാറന്റൈനിലായിരുന്നു. ദുബായിൽനിന്ന് ജൂൺ ആറിന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വിജയപുരം സ്വദേശിനി (41) ക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
ദൽഹിയിൽനിന്ന് ജൂൺ 15 ന് എത്തിയ കറുകച്ചാൽ സ്വദേശി(32). എറണാകുളം വരെ ട്രെയിനിലും അവിടെനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കോട്ടയത്തും എത്തിയ യുവാവിന് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അന്നു തന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.