കോഴിക്കോട് - ഗൾഫിൽനിന്ന് കേരളത്തിലേക്കു വരുന്ന വിമാനങ്ങളിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ കേരള സർക്കാർ നടപടി അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് മലബാർ ഡെവലപ്‌മെന്റ് ഫോറം. അന്താരാഷ്ട്ര യാത്രക്കാർക്കും ആഭ്യന്തര യാത്രക്കാർക്കും വിമാനം കയറുന്ന സ്ഥലത്തുനിന്ന് കോവിഡ് ടെസ്റ്റ് വേണമെന്ന് ഇതു സംബന്ധിച്ച മാനദണ്ഡത്തിൽ പറയുന്നില്ല. ചാർട്ടേഡ് വിമാനങ്ങളിലെ യാത്രക്കാർക്ക് മാത്രം കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സർക്കാർ പ്രതിഷേധം ആളിക്കത്തിയപ്പോൾ വന്ദേഭാരത് മിഷൻ വിമാനങ്ങൾക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി മലക്കം മറിഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് വിമാന യാത്രക്കാർക്ക് മേൽ ഇത്തരം നിബന്ധനകൾ നിഷ്‌കർഷിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ല. വ്യോമയാന വകുപ്പാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
മലയാളികളായ പ്രവാസികൾക്ക് മാത്രമാണ് കോവിഡ് ടെസ്റ്റ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. മറ്റ് സംസ്ഥാനങ്ങളിലുള്ള പ്രവാസികൾ യാത്ര ചെയ്യുമ്പോൾ കോവിഡ് ടെസ്റ്റ് നിർബന്ധമല്ല. യാത്രക്കാർ കേരളത്തിലെ എയർ പോർട്ടുകളിൽ എത്തുമ്പോൾ ഇവിടെനിന്ന് സർക്കാർ ചെലവിൽ വിശദമായ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുവാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടത്.
ഏതാണ്ട് ആറു ലക്ഷത്തോളം പ്രവാസികൾ ഗൾഫിൽനിന്ന് തിരിച്ച് വരാനുണ്ട്. മൂന്ന് ലക്ഷത്തോളം പ്രവാസികൾ ഇന്ത്യയിൽനിന്ന് ഗൾഫിലേക്കും പോകാനുണ്ട്. വന്ദേഭാരത് മിഷൻ വിമാനങ്ങളും പ്രൈവറ്റ് ചാർട്ടേർഡ് വിമാനങ്ങളും മാത്രം നിലവിലുള്ള അടിയന്തര സർവ്വീസിന് രംഗത്തിറങ്ങിയാൽ ദൗത്യം പൂർത്തിയാക്കാൻ വർഷങ്ങൾ വേണ്ടിവരും.
വിമാനടിക്കറ്റിന് പണം വാങ്ങുന്നത് നീതീകരിക്കാൻ കഴിയാത്ത വസ്തുതയാണ്. എയർപോട്ടിലെ യൂസർ ചാർജ് അടക്കമുള്ള തുക ഇളവ് നൽകാൻ സർക്കാറിന് തീരുമാനിക്കാമായിരുന്നു. പകരം വന്ദേഭാരത് വിമാനങ്ങളും അമിതമായ ചാർജ് ഈടാക്കിയാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. ഇന്ത്യൻ സോഷ്യൽ വെൽഫെയർ ഫണ്ടിന്റെ പേരിൽ കോടിക്കണക്കിന് രൂപ വിദേശങ്ങളിലെ ഇന്ത്യൻ നയതന്ത്രാലയങ്ങളിൽ കെട്ടി കിടക്കുന്നുണ്ട്. എമിഗ്രേഷൻ ക്ലിയറൻസിനായി പ്രവാസികൾ കെട്ടിവെച്ച കോടിക്കണക്കിന് രൂപ കേന്ദ്രസർക്കാർ ഖജനാവിലുണ്ട്. ഇതെല്ലാം ഉപയോഗിച്ച് ഗൾഫ് പ്രവാസികളെയും വിദേശത്ത് കഴിയുന്ന പ്രവാസികളെയും മരിച്ചുവീഴുന്നതിനു മുമ്പെ നാട്ടിലെത്തിക്കണം.
വിദേശവിമാന സർവീസുകൾക്ക് അനുമതി നൽകണമെന്നും ഗൾഫിലെ മലയാളി പ്രവാസികൾക്ക് മാത്രം കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മലബാർ ഡവലപ്‌മെന്റ് ഫോറം സെൻട്രൽ കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്രമോഡി, അഭ്യന്തര മന്ത്രി അമിത്ഷാ, വിദേശകാര്യ മന്ത്രി ജയശങ്കർ, വ്യോമയാന മന്ത്രി ഹർദീപ് സിംഗ്പൂരി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മുതലായവർക്ക് നിവേദനം നൽകിയതായി മലബാർ ഡെവലപ്പ്‌മെന്റ് ഫോറം സെൻട്രൽ കമ്മിറ്റി പ്രതിനിധി പി.എ. ഹംസ അറിയിച്ചു.