കോട്ടയം- കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിവാദത്തിനിടെ പ്രവാസികൾ ഏറെയുളള കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളത്തിന് നടപടികൾ തുടങ്ങുന്നു.
കേരളത്തിലെ അഞ്ചാമത്തെ എയർപോർട്ട് അക്ഷര നഗരിയായ കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശത്തുളള എരുമേലി, മണിമല ഗ്രാമങ്ങളിലെ ഹരിതഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ്. കാഞ്ഞിരപ്പള്ളി താലൂക്കിൽ വിമാനത്താവളത്തിന് സംസ്ഥാന മന്ത്രിസഭ തീരുമാനം എടുത്തത് 2017 ജൂലൈയിലാണ്. അതിലേക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുളള ചുമതലയാണ് റവന്യൂ വകുപ്പിന് ഇപ്പോൾ നൽകിയിട്ടുളളത്.
മധ്യകേരളത്തിലെ പ്രവാസികൾക്കും ശബരിമല യാത്രികർക്കും ഏറെ പ്രയോജനപ്പെടുന്നതാണ് നിർദിഷ്ട വിമാനത്താവളം. ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിനെ തുടർന്നാണ് ചെറുവള്ളി എസ്റ്റേറ്റ് ഭാഗമാകുന്ന പദ്ധതിയെക്കുറിച്ചുളള ആലോചന സജീവമായത്. എന്നാൽ ഇതേ തുടർന്നുണ്ടായ വിവാദത്തിൽ പദ്ധതി മെല്ലെ പിന്നോക്കം പോയി. എസ്‌റ്റേറ്റ് സംബന്ധിച്ച വിവാദങ്ങളായിരുന്നു ഇതിൽ പ്രധാനം. ഹാരിസൺ മലയാളത്തിന്റെ കൈവശമായിരുന്ന ഭൂമി ബിലിവേഴ്‌സ് ചർച്ച് എടുത്തു. ഈ ഭൂമി സർക്കാർ ഭൂമിയാണെന്ന് എംജി രാജമാണിക്യം നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
പദ്ധതി സ്ഥലം സർക്കാർ പണം മുടക്കി ഏറ്റെടുക്കുന്നതിനെതിരെ സിപിഐ 2019 ൽ കോട്ടയത്ത് പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം എതിർപ്പ് ഇടതു മുന്നണിയെ ഔദ്യോഗികമായി അറിയിക്കുമെന്ന് അന്ന് സിപിഐ കോട്ടയം ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തു.
കോട്ടയം നഗരത്തിൽ നിന്ന് 51 കിലോമീറ്റർ അകലെയാണ് വിമാനത്താവള ഭൂമി. ഇവിടെനിന്ന് ശബരിമലയിലേക്ക് അൻപതു കിലോമീറ്ററാണ് ദൂരം. ശബരിമല യാത്രികർക്കായി വിമാനത്താവളം എന്ന ആശയമാണ് അധികൃതർ ആദ്യം മുന്നോട്ടുെവച്ചത്. ഹിന്ദു വിശ്വാസികൾ ഏറെയുളള ശബരിമലയുടെ പേരിലാകുമ്പോൾ കേന്ദ്രസർക്കാരിന്റെ അനുമതിയും വേഗമാകും എന്നതാണ് ഈ നീക്കത്തിന് പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ചെറുവള്ളിയെ വിമാനത്താവള ഭൂമിയായി പരിഗണിക്കാനുളള പ്രധാന കാരണം. ഇതെക്കുറിച്ചുളള മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തിലുളള സമിതിയുടെ റിപ്പോർട്ടാണ് മന്ത്രിസഭ പരിഗണിച്ചത്. ചെറുവള്ളി എസ്റ്റേറ്റിലെ 2263.13 ഏക്കർ ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കാനാണ് സംസ്ഥാന സർക്കാർ ഇന്നലെ തീരുമാനം എടുത്തത്.
ശബരിമല യാത്രികർക്കായി എയർ സ്ട്രിപ്പാണ് സർക്കാർ ആദ്യം ആലോചിച്ചത്. എന്നാൽ പിന്നീട് സാധ്യത മനസിലാക്കി വിമാനത്താവളമാക്കുകയായിരുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ സാധ്യതാ പഠനം നടത്തിയ എയ്‌കോം ഇന്ത്യ വിമാനത്താവളം നിർമിക്കാൻ മധ്യകേരളത്തിൽ യോജിച്ച സ്ഥലങ്ങളായി പത്തനംതിട്ട ജില്ലയിലെ ളാഹയും എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റുമാണ് കണ്ടെത്തിയത്.
പ്രവാസികൾ ഏറെയുളള പത്തനംതിട്ട, റാന്നി, കുമ്പനാട്, തിരുവല്ല, കോഴഞ്ചേരി മേഖലകളിലുളളവർക്കും വിമാനത്താവളം ഏറെ പ്രയോജനമാകുമെന്നാണ് കണക്കുകൂട്ടൽ. എയർപോർട്ട് ഭൂമിയുടെ ഭൂരിഭാഗവും സമതല പ്രദേശമാണ്. ഇവിടെ ചെറിയ കുന്നുകളും റബർ എസ്റ്റേറ്റുമാണ് ഉളളത്. ഭാവി വികസന പ്രവർത്തനങ്ങൾക്ക് വെറെ സ്ഥലം തേടേണ്ടി വരികയില്ലെന്നാണ് മറ്റൊരു കണക്കുകൂട്ടൽ. കാഞ്ഞിരപ്പള്ളി കേരളത്തിലെ പ്രബലമായ ക്രൈസ്തവ സഭയുടെ കേന്ദ്രമാണെന്നതും വിമാനത്താവളത്തിന്റെ സാധ്യത വർധിപ്പിച്ച ഘടകമായി വിലയിരുത്തുന്നു.
കോട്ടയം ഇടുക്കി ജില്ലകളിലെയും തമിഴ്‌നാട്ടിലെ കമ്പം, തേനി, ഗൂഡല്ലൂർ, ദിണ്ഡിഗൽ, പ്രദേശങ്ങളിലുളളവർക്കും യാത്രാ സൗകര്യം ലഭിക്കും. തിരുവനന്തപുരത്ത് നിന്ന് 136 കിലോമീറ്ററും, കൊച്ചിയിൽ നിന്ന് 105 കിലോമീറ്ററുമാണ് ഇവിടേക്കുളള ദൂരം. രണ്ടു ദേശീയ പാതകളുടെയും അഞ്ചു പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് വിമാനത്താവളം ചിറകുവിരിക്കുന്നത്. കൊല്ലം- തേനി ദേശീയ പാത, കോട്ടയം-എരുമേലി- പമ്പ, എരുമേലി-പമ്പ- തിരുവനന്തപുരം,തിരുവല്ല- റാന്നി- എരുമേലി, പത്തനംതിട്ട-റാന്നി-എരുമേലി, ചങ്ങനാശേരി- മുണ്ടക്കയം-എരുമേലി, എന്നിവയാണ് ഈ റോഡുകൾ.