Sorry, you need to enable JavaScript to visit this website.

കോവിഡ് ഭീതി: പ്രവാസികളോട് അവഗണന പാടില്ല- വിസ്ഡം

കോഴിക്കോട്- രാജ്യത്തിന്റെ വികസനത്തിനും സാമൂഹിക പുരോഗതിയിലും വലിയ പങ്കുവഹിച്ച പ്രവാസി സമൂഹത്തെ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ അവഗണനയോടെ കാണുന്ന സമീപനത്തിൽ വലിയ മാറ്റം ഉണ്ടാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
രോഗികളായവരും, ക്വാറന്റെയ്‌നിൽ കഴിയുന്നവരും സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നുണ്ട്. സാമൂഹിക അകലവും, ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളും പാലിച്ച് കൊണ്ട് ഇവർക്ക് പിന്തുണ നൽകാൻ കുടുംബാംഗങ്ങൾക്കും സമൂഹത്തിനും ബാദ്ധ്യതയുണ്ട്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരോടും ഈ സമീപനം സ്വീകരിക്കുന്നതായി പരാതികൾ ഉയർന്നു വരുന്നുണ്ട്. രോഗം വരുന്നത് ഒരാളുടെയും കുറ്റമല്ലെന്നും അത് വ്യക്തിയുടെ പരിധിയിൽ വരുന്നതല്ല എന്നും മനസ്സിലാക്കി സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്താൻ മത സാമൂഹിക രാഷ്ട്രീയ നേതൃത്വം മുന്നിട്ടിറങ്ങണം.
തൊഴിൽ നഷ്ടപ്പെട്ട് തിരിച്ച് വന്നവരോ, ജോലി ഉണ്ടായിട്ടു ശബളം ലഭിക്കാതെയോ വിദേശത്ത് കഴിയുന്നവരുടെ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന സഹായ പദ്ധതികൾക്ക് എല്ലാവരും രംഗത്ത് വരണം. ഭക്ഷണ കിറ്റ്, ചികിത്സ, അടിസ്ഥാന സാമ്പത്തിക സഹായം, തൊഴിൽ മാർഗ നിർദ്ദേശം എന്നിവക്ക് ഊന്നൽ നൽകി പ്രവർത്തിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
കേരളത്തിലെ രോഗികളിൽ ഭൂരിഭാഗവും വിദേശത്ത് നിന്നോ, ഇതര സംസ്ഥാനങ്ങളിൽ നിന്നോ വന്നവരിലാണ് കൂടുതൽ ഉള്ളതെന്നത് കൊണ്ട് തന്നെ നാട്ടിലേക്ക് വരുന്നവർ വലിയ ജാഗ്രത പാലിക്കുകയും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും മാനസീകാവസ്ഥ മനസ്സിലാക്കി പെരുമാറാൻ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

Latest News