പാലക്കാട്- കണ്ടം പൂട്ടാനും ഞാറ് നടാനും എം.പി പാടത്തിറങ്ങിയതോടെ വടവന്നൂരില്‍ തരിശുഭൂമിയില്‍ വീണ്ടും വിളവിറക്കുന്ന പദ്ധതിക്ക് നിറപ്പകിട്ടാര്‍ന്ന തുടക്കം. പാട്ടു പാടിയും ഡാന്‍സ് ചെയ്തുമെല്ലാം നവമാധ്യമങ്ങളില്‍ തരംഗം തീര്‍ത്ത ആലത്തൂര്‍ എം.പി രമ്യ ഹരിദാസാണ് കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ഒപ്പം ചെളിയിലിറങ്ങി അവരിലൊരാളായി മാറിയത്. എം.പി ട്രാക്ടര്‍ ഓടിക്കുന്നതിന്റേയും ഞാറു നടുന്നതിന്റേയും ദൃശ്യങ്ങള്‍ ഇതിനകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
വടവന്നൂര്‍ പഞ്ചായത്തിന്റേയും കൃഷിഭവന്റേയും സഹകരണത്തോടെ ആരംഭിക്കുന്ന തരിശുനില നെല്‍ക്കൃഷി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രമ്യ ഹരിദാസ്. കര്‍ഷകനായ എ.വെട്രിരാജ് പാട്ടത്തിനെടുത്ത പതിനഞ്ച് ഏക്കര്‍ പാടത്താണ് ചടങ്ങ് സംഘടിപ്പിച്ചത്. കോവിഡ് കാലഘട്ടത്തില്‍ സംസ്ഥാനത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കണമെന്ന സന്ദേശം പകരുന്നതാണ് പരിപാടി എന്നതില്‍ സന്തോഷമുണ്ടെന്ന് എം.പി പറഞ്ഞു. ഒരു സാധാരണ തൊഴിലാളി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന തനിക്ക് കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും വികാരം മനസ്സിലാവുമെന്ന് അവര്‍ വ്യക്തമാക്കി.
എം.പി ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ വൈറലായതോടെ അതിനെച്ചൊല്ലി ചേരിതിരിഞ്ഞുള്ള രാഷ്ട്രീയ വാക്‌പോരും സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.