അബുദാബി- ഈ മാസം 23 മുതല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാനുമതി നല്‍കാനൊരുങ്ങുന്ന യു.എ.ഇ രാജ്യങ്ങളെ കോവിഡ് വ്യാപ്തിയുടേയും നിയന്ത്രണങ്ങളുടേയും അടിസ്ഥാനത്തില്‍ പ്രത്യേക വിഭാഗങ്ങളായി തിരിക്കും.
അപകട സാധ്യത അനുസരിച്ച് ലോ റിസ്‌ക്, മോഡറേറ്റ് റിസ്‌ക്, ഹൈ റിസ്‌ക് എന്നിങ്ങനെ ലോക രാജ്യങ്ങളെ മൂന്നായി തിരിക്കുമെന്ന് യു.എ.ഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍.സി.ഇ.എം.എ) വക്താവ് സൈഫ് അല്‍ ദാഹിരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോവിഡ് വ്യാപനം പരിമിതപ്പെടുത്താനാണ് ഈ തീരുമാനമെന്നും ആരോഗ്യ രംഗത്തെ സ്ഥിതിഗതികളനുസരിച്ച് ഇത് പുതുക്കിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോ റിസ്‌ക് വിഭാഗത്തില്‍ പെടുന്ന രാജ്യങ്ങളിലേക്ക് പോകാന്‍ സ്വദേശികളേയും വിദേശികളേയും അനുവദിക്കുമെങ്കിലും ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്ന രാജ്യങ്ങളേലിക്ക് ആര്‍ക്കും യാത്രാനുമതി നല്‍കില്ല.
അടിയന്തര ആവശ്യങ്ങളുള്ള യു.എ.ഇ പൗരന്മാര്‍ക്ക് മോഡറേറ്റ് റിസ്‌ക് വിഭാഗത്തില്‍ പെടുന്ന രാജ്യങ്ങളിലേക്ക് യാത്രാനുമതി ലഭിക്കും. ചികിത്സ, അടുത്ത ബന്ധുക്കളെ സന്ദര്‍ശിക്കല്‍, സൈനിക, നയതന്ത്ര യാത്ര എന്നിവയാണ് അനിവാര്യവും അത്യാവശ്യവുമായ കാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൈഫ് അല്‍ ദാഹിരി പറഞ്ഞു.
ഓരോ വിഭാഗത്തിലും പെടുന്ന രാജ്യങ്ങളുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.
വിദേശ യാത്ര നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വെബ് സൈറ്റില്‍ അപക്ഷേ സമര്‍പ്പിക്കണം. യാത്രക്കു മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഇത് 48 മണിക്കൂര്‍ മുമ്പത്തേതാകാന്‍ പാടില്ല. സര്‍ക്കാരിന്റെ അല്‍ ഹുസ്ന്‍ ആപ് വഴി യു.എ.ഇ എയര്‍പോര്‍ട്ടുകളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ക്വാറന്റൈന്‍ ഉള്‍പ്പെടെ യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
70 വയസ്സിനു മുകളിലുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. രാജ്യാന്തര മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം.
അധികൃതര്‍ അനുവദിച്ച രാജ്യത്തല്ലാതെ മറ്റു രാജ്യങ്ങളില്‍ പോകില്ലെന്നും തിരികെ എത്തിയാല്‍ ക്വാറന്റൈനില്‍ പ്രവേശിക്കുമെന്നും ഉറപ്പു നല്‍കുന്നതടക്കമുള്ള ഫോറങ്ങള്‍ പൂരിപ്പിച്ചു നല്‍കണം.