കൊച്ചി- ഹിന്ദി ചലച്ചിത്രതാരം സുശാന്ത് സിംങ് രജ്പുതിന്റെ ആത്മഹത്യയക്ക് പിന്നാലെ മലയാള സിനിമയിലെ വേർതിരിവുകളെകുറിച്ച് തുറന്നടിച്ച് യുവചലച്ചിത്രതാരം നീരജ് മാധവിന്റെ ഫേസ് ബുക്ക് പോസ്റ്റ്. സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് നീരജ് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പല സിനിമാ സെറ്റുകളിലും ഇപ്പോഴും മൂപ്പിളമ സമ്പ്രദായം നിലനിൽക്കുന്നുണ്ട്. സീനിയർ നടന്മാർക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേർതിരിവ്. ചായ പേപ്പർ ഗ്ലാസിൽ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേൽപിക്കുമ്പോഴാണ് പ്രശ്നം. കാലിന്മേൽ കാല് കേറ്റി വച്ചിരുന്നാൽ ജാഡ, കൂളിംഗ് ഗ്ലാസ് വെച്ചാൽ അഹങ്കാരം, സ്‌ക്രിപ്റ്റിൽ അഭിപ്രായം പറഞ്ഞാൽ ഇടപെടൽ. നമ്മൾ കാഷ്യൽ ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ദുർവ്യാഖ്യാനിക്കപ്പെടും. വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിൻ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങൾ അളക്കലാണ്, എന്നാൽ നിങ്ങൾ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം, സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടിൽ പോവുക. എന്നാൽ നിങ്ങളെ അടുത്ത പടത്തിൽ വിളിക്കും.
സിനിമയിൽ വന്ന കാലത്ത് ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് തന്നോട് പറഞ്ഞതാണ്, ''അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം.'' അന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല, 6 വർഷങ്ങൾക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോൾ ഞാനോർക്കുന്നത് ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാൻ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാൻ നേരിടേണ്ടി വന്നിട്ടുണ്ടെന്നും നീരജ് മാധവ് പോസ്റ്റിൽ കുറിക്കുന്നു.ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയിൽ അൽപം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല 'സിനിമക്കാരുടെയും ഗുഡ് ബുക്കിൽ താൻ കേറിപറ്റിയിട്ടില്ല. അൽപം ഡിമാന്റിംഗ് ആയതിന്റെ പേരിൽ പല അവസരങ്ങളും തനിക്ക് നഷ്ടപെട്ടിട്ടുണ്ട്. താൻ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളതെന്നും നീരജ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.