എടപ്പാൾ- ദിർഹത്തിന് പകരം പേപ്പർ കെട്ടുകൾ നൽകി കൊപ്പം സ്വദേശിയുടെ അഞ്ചു ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ ചങ്ങരംകുളം
പോലീസ് അന്വേഷണം ആരംഭിച്ചു. നരണിപ്പുഴ റോഡിൽ ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം കൊപ്പം സ്വദേശികളായ സഹോദരങ്ങളുടെ ഷോപ്പിൽ ബംഗാൾ സ്വദേശി ദിർഹം മാറാനെത്തിയിരുന്നു.100 ദിർഹം മാറ്റി നൽകിയതിന് ശേഷം കൂടുതൽ ദിർഹം ഉണ്ടെന്ന് പറയുകയും ചെയ്തു. അഞ്ച് ലക്ഷം രൂപക്ക് കൂടുതൽ ദിർഹം മാറ്റി നൽകാൻ കരാറുപ്പിക്കുകയുമായിരുന്നു. ബുധനാഴ്ച ചങ്ങരംകുളത്ത് തൃശ്ശൂർ റോഡിലെ കെട്ടിടത്തിന് സമീപം എത്തിയ ബംഗാളി കൊപ്പം സ്വദേശികളെ ഫോണിൽ വിളിച്ച് പണവുമായി എത്താൻ പറയുകയും കാറിലിരുന്ന് ഡീൽ ഉറപ്പിക്കുകയുമായിരുന്നു. ദിർഹവും പണവും എണ്ണി തിട്ടപ്പെടുത്തി ബാഗിൽ വച്ചെങ്കിലും പിന്നീട് പണം കൈമാറുന്നത് സുരക്ഷക്ക് വേണ്ടി മാട്ടം റോഡിലേക്ക് മാറ്റുകയായിരുന്നു. ബാഗ് കൈമാറിയതിന് ശേഷം കൊപ്പം സ്വദേശികൾ ബാഗ് പരിശോധിച്ചതോടെയാണ് പണത്തിന് പകരം കടലാസ് കെട്ടുകൾ വച്ച് കബളിപ്പിച്ചത് മനസ്സിലായത്. ഈ സമയം തക്കത്തിൽ കടന്ന് കളഞ്ഞിരുന്നു ബംഗാൾ സ്വദേശികൾ. തുടർന്ന് കൊപ്പം സ്വദേശികൾ നാട്ടുകാരുടെ സഹായത്തോടെ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ചങ്ങരംകുളം എസ്.ഐ ഹരിഹര സൂനുവിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.