മാഹി- മാഹിയിലെ അടിസ്ഥാന പ്രശ്‌നങ്ങളിൽ എം.എൽ.എ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്ന ബ്ലോക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണത്തിനെതിനെ മാഹി എം.എൽ.എ രംഗത്ത്. പുതുച്ചേരി സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയും അതിനെ തുടർന്നുള്ള ഭരണ വൈകല്യവും സംസ്ഥാനം മുഴുവൻ നേരിടുന്ന ഒന്നാണെന്നും ഈ ഭരണ പരാജയത്തിന് സർക്കാറും ലഫ്. ഗവർണറും ഒരുപോലെ ഉത്തരവാദികളാണെന്നും ഡോ. വി.രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ഇക്കഴിഞ്ഞ നാലു വർഷവും ഈ പരാധീനതകൾക്കും പരിമിതികൾക്കുമുള്ളിൽ നിന്ന് പ്രവർത്തിക്കാനേ പുതുച്ചേരിയിലെ മുഴുവൻ എം.എൽ.എമാർക്കും കഴിഞ്ഞിട്ടുള്ളൂ.
മന്ത്രി പദവിയിൽ ഇരിക്കുന്നവർ പോലും പരസ്യമായി സമ്മതിക്കുന്ന ഒരു യാഥാർഥ്യമാണിത്. ഇതിനു എത്രയോ ഉദാഹരണങ്ങൾ ഇതിനകം തന്നെ പരസ്യമായി വ്യക്തമാക്കപ്പെട്ടതാണ്. ഇക്കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രിയുടെ പാർലിമെന്ററി സെക്രട്ടറി കെ.ലക്ഷ്മീ നാരായണൻ ജനപ്രതിനിധികൾക്ക് ഒന്നും ചെയ്യാനാവുന്നില്ല എന്നും സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള ഒരു ചർച്ച പോലും നടക്കുന്നില്ല എന്നും ശമ്പളം നൽകലും വിദ്യുച്ഛക്തി, കുടിവെള്ള വിതരണവും മാലിന്യം നീക്കുമല്ലാതെ മറ്റൊന്നും ഭരണത്തിൽ നടക്കുന്നില്ല എന്നും മാധ്യമങ്ങളിലൂടെ പരസ്യമായി പറഞ്ഞത്. എം.എൽ.എമാർ നടുറോട്ടിലിറങ്ങി ധർണ നടത്തേണ്ടി വന്നതും മന്ത്രിമാർ കുത്തിയിരിപ്പ് സമരം നടത്തേണ്ടി വന്നതും പരസ്യമായ വസ്തുതകളാണ്. ഇക്കാര്യമെല്ലാമറിയുന്ന മാഹി ബ്ലോക്ക് കോൺഗ്രസ് ഭരണ പരാജയം മൂടിവെക്കാൻ തന്നെ പഴി പറയുന്നത് രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി മാത്രമാണെന്നും എം.എൽ.എ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
ഭരണ പ്രതിസന്ധിക്കിടയിൽ നടന്നു വരുന്ന ദൈനംദിന കാര്യങ്ങൾ മാഹിയിലും നടന്നു വരുന്നുണ്ട്.