കൊച്ചി- ഉയര്‍ന്ന വൈദ്യുതി ബില്ലിനെ ന്യായീകരിച്ച് കെഎസ്ഇബിയുടെ സത്യവാങ്മൂലം ഹൈക്കോടതിയില്‍. ലോക്ക്ഡൗണ്‍ മൂലം മീറ്റര്‍ റീഡിങ് എടുക്കാന്‍ സാധിച്ചിട്ടില്ലെന്നും അതുകൊണ്ട് മുന്‍ ഉപയോഗത്തിന്റെ ശരാശരി കണക്കാക്കി നല്‍കിയതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഉപഭോക്താക്കള്‍ ബില്‍ തുകയുടെ എഴുപത് ശതമാനം തുക മാത്രം അടച്ചാല്‍ മതി. യഥാര്‍ത്ഥ ഉപഭോഗം കൂടതലാണെങ്കിലും കുറവായാലും അടുത്ത ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യുമെന്നും കെഎസ്ഇബി സത്യവാങ്മൂലത്തില്‍ പറഞ്ഞു.ഉയര്‍ന്ന വൈദ്യുത ബില്ലിനെതിരെ കെഎസ്ഇബിക്ക് എതിരെ പരാതി നല്‍കിയവരുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉപഭോഗ വിവരങ്ങള്‍ തെളിയിക്കുന്നതായും സത്യവാങ്മൂലം ചൂണ്ടിക്കാട്ടി.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ദ്വൈമാസ ബില്ലിങ് തന്നെ തുടരുന്നതാണ് ഗുണകരം. ഈ രീതി മുപ്പത് വര്‍ഷമായി പിന്തുടരുകയാണ്. പ്രതിമാസ ബില്ലിങ് നടപ്പാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ട അവസ്ഥ കെഎസ്ഇബിക്ക് ഉണ്ടാകും. ഇത് ബോര്‍ഡിന്റെ ചെലവ് വര്‍ധിപ്പിക്കുമെന്നും കെഎസ്ഇബി ഹൈക്കോടതിയെ ബോധ്യപ്പെടുത്തി.