തിരുവനന്തപുരം- സോഷ്യല്‍മീഡിയ വഴി പരിചയപ്പെടുന്ന സ്ത്രീകളില്‍ നിന്ന് ലക്ഷകണക്കിന് രൂപയും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് അറസ്റ്റില്‍ . തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം സ്വദേശിയും കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ് ക്ലാര്‍ക്കുമായ പിഎസ് അരുണ്‍ ആണ് അറസ്റ്റിലായത്.
ഗാന്ധിനഗര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവില്‍ നിന്ന് വേണ്ടത്ര പരിഗണനയില്ലെന്ന തോന്നലിലുള്ള വീട്ടമ്മയെ ഫേസ്ബുക്ക് ചാറ്റിലൂടെ പരിചയപ്പെടുകയും വിവാഹവാഗ്ദാനം നല്‍കുകയുമായിരുന്നു.പിന്നീട് ഇവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയാണ് സ്വന്തമാക്കിയത്. തുടര്‍ന്നും ഭീഷണിപ്പെടുത്തിയതിനാല്‍ യുവതി പലതവണ ആത്മഹത്യക്ക് ശ്രമിച്ചതായാണ് വിവരം.
ഇതേതുടര്‍ന്നാണ് പരാതി നല്‍കിയത്. എന്നാല്‍ ഇയാളുടെ തട്ടിപ്പ് ഒരാളില്‍ ഒതുങ്ങുന്നില്ലെന്നും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറും വിശദാംശങ്ങളും മനസിലാക്കി സമാനമായ വിധത്തില്‍ പലരെയും കെണിയിലാക്കിയിരുന്നതായും പോലിസ് പറഞ്ഞു. അരുണിന്റെ തട്ടിപ്പില്‍ പണവും സ്വര്‍ണവും 25 ഓളം പേര്‍ക്ക് എങ്കിലും നഷ്ടമായിട്ടുണ്ടെന്നും എന്നാല്‍ പലരും നാണക്കേട് കാരണം പരാതി നല്‍കാന്‍ തയ്യാറായില്ലെന്ന് മനസിലായതായും പോലിസ് പറഞ്ഞു.