റിയാദ്- നൂറു ചതുരശ്രമീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള ബഖാലകളും മിനിമാർക്കറ്റുകളും വ്യാപാര കേന്ദ്രങ്ങളും വഴി സിഗരറ്റ് വിൽപനക്ക് അനുമതി നൽകാൻ അഞ്ചു വ്യവസ്ഥകൾ ബാധകമാണെന്ന് റിയാദ് നഗരസഭ വ്യക്തമാക്കി. സിഗരറ്റിനു പുറമെ ഹുക്ക പുകയില വിൽപനക്കും ഈ വ്യവസ്ഥകൾ ബാധകമാണ്. മാനദണ്ഡങ്ങൾക്ക് യോജിച്ച, അടച്ച പാക്കറ്റുകളിലായിരിക്കണം സിഗരറ്റുകൾ വിൽക്കേണ്ടത്. എണ്ണത്തിലുള്ള വിൽപനക്ക് വിലക്കുണ്ട്. പുകയില ഉൽപന്നങ്ങൾ ഉപയോക്താക്കൾ ഒരുനിലക്കും കാണാത്ത നിലക്കായിരിക്കണം സൂക്ഷിക്കേണ്ടത്.
പുകവലിയുടെ ദൂശ്യവശങ്ങൾ വ്യക്തമാക്കുന്ന ഫോട്ടോയും വാചകവും അടങ്ങിയ മുന്നറിയിപ്പ് ബോർഡ് ക്യാഷ് കൗണ്ടറിനു മുകളിൽ തുക്കണമെന്നതാണ് മൂന്നാമത്തെ വ്യവസ്ഥ. പുകവലിയും പുകയില ഉൽപന്നങ്ങളും വായിലെയും ശ്വാസകോശത്തിലെയും ഹൃദയത്തിലെയും ധമനികളിലെയും രോഗങ്ങൾക്കും ക്യാൻസറിനും പ്രധാന കാരണമാണ് എന്ന വാചകമാണ് ബോർഡിൽ ഉൾപ്പെടുത്തേണ്ടത്. 18 വയസ്സിൽ കുറവ് പ്രായമുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിന് വിലക്ക് എന്ന വാചകവും ബോർഡിൽ ഉൾപ്പെടുത്തണം. സിഗരറ്റും ഹുക്ക പുകയിലയും ഒഴികെ മറ്റു പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനും വിലക്കുണ്ട്. പുകയില ഉൽപന്നങ്ങളുടെ പരസ്യത്തിനും പ്രൊമോഷനുമുള്ള വിലക്കാണ് അഞ്ചാമത്തെ വ്യവസ്ഥയെന്നും റിയാദ് നഗരസഭ വ്യക്തമാക്കി.