നജ്‌റാൻ- കൊറോണ ലക്ഷണങ്ങളില്ലാത്ത രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയതിലൂടെ ഒരു കുടുംബത്തിലെ 15 പേർക്ക് കൊറോണ ബാധിച്ചു. നജ്‌റാനിലെ ഇസ്തിറാഹയിൽ സംഘടിപ്പിച്ച കുടുംബ പരിപാടിക്കിടെയാണ് രോഗലക്ഷണങ്ങളില്ലാത്ത ആളിൽനിന്ന് 15 പേർക്ക് കൊറോണ ബാധിച്ചത്. കുടുംബത്തിലെ അംഗങ്ങളിൽ ഒരാൾക്ക് കൊറോണ ബാധിച്ചിരുന്നു. എന്നാൽ ഇയാളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ചടങ്ങിൽ പങ്കെടുത്ത അഞ്ചു സഹോദരന്മാർക്കും ഇവരുടെ സഹോദരിക്കും കൊറോണ ബാധിച്ചു. ഇക്കൂട്ടത്തിൽ ഒരാൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സഹോദരന്മാരിൽ ഒരാളുടെ ഭാര്യക്കും മൂന്നു മക്കൾക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ പിതൃസഹോദരനും പിതൃസഹോദരന്മാരുടെ നാലു മക്കൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയ 50 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കൂട്ടത്തിൽ ചിലർ ജോലി സ്ഥലത്തെ സഹപ്രവർത്തകരാണ്. 50 പേർക്കും നടത്തിയ കൊറോണ പരിശോധനകളുടെ ഫലം പുറത്തുവരുന്നത് കാത്തിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.