അബഹ- പടിഞ്ഞാറൻ അസീറിൽ മഹായിൽ-അൽബിർക് റോഡിൽ ഗതാഗത നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന സാഹിർ സംവിധാനത്തിനു കീഴിലെ രണ്ടു ക്യാമറകൾ അജ്ഞാതർ തകർത്തു. റോഡിൽ വ്യത്യസ്ത സ്ഥലങ്ങളിൽ സ്ഥാപിച്ച ക്യാമറകൾ അജ്ഞാതർ തള്ളിയിടുകയായിരുന്നു. സമീപ കാലത്ത് ഈ റോഡിൽ ഗുരുതരമായ ഏതാനും വാഹനാപകടങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് റോഡിൽ ബന്ധപ്പെട്ട വകുപ്പുകൾ സാഹിർ ക്യാമറകൾ സ്ഥാപിച്ചത്.
ഗതാഗത നിയമ ലംഘനങ്ങൾ തടയാനും ആളുകളുടെ ജീവൻ സംരക്ഷിക്കാനും ലക്ഷ്യമിട്ട് സ്ഥാപിച്ച സാഹിർ ക്യാമറകൾ തകർത്ത നിരുത്തരവാദപരമായ പ്രവൃത്തിയെ ഡ്രൈവർമാർ അപലപിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കാൻ കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇവർ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.