റിയാദ്- പ്രമേഹ ചികിത്സക്ക് ഉപയോഗിക്കുന്ന 'ഗ്ലൂകെയർ എക്‌സ് ആർ' ടാബെലെറ്റുകൾക്കെതിരെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി. അനുവദിനീയമായ പരിധിയിൽ കൂടുതൽ എൻ.ഡി.എം.എ (എൻ-നൈട്രോസോഡിമെത്തലാമിൻ) ഘടകങ്ങൾ ഈ മരുന്നിൽ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്നിന്റെ ഉപയോഗം പൂർണമായും നിർത്തിവെക്കുന്നതിനു മുമ്പായി അനുയോജ്യമായ ബദൽ മരുന്ന് നിർണിയിക്കാൻ ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടണമെന്ന് 'ഗ്ലൂകെയർ എക്‌സ്.ആർ' ഗുളികകൾ ഉപയോഗിക്കുന്നവരോട് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു.
ജസീറ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് കമ്പനി പുറത്തിറക്കുന്ന 'ഗ്ലൂകെയർ എക്‌സ്.ആർ' 500 എം.ജി, 750 എം.ജി, 1,000 എം.ജി ടാബ്‌ലെറ്റുകളിലെല്ലാം അനുവദനീയമായ പരിധിയിൽ കൂടുതൽ എൻ.ഡി.എം.എ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് വിപണിയിൽ നിന്ന് പിൻവലിക്കാൻ ജസീറ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഗുളികയുടെ ഉപയോഗം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പുകൾക്കും സർക്കുലർ നൽകിയിട്ടുണ്ട്. അനുവദനീയമായ പരിധിയിൽ കൂടുതൽ ദിവസേനയെന്നോണം ദീർഘകാലം ഉപയോഗിച്ചാൽ എൻ.ഡി.എം.എ ക്യാൻസറിന് കാരണമാകുമെന്ന് ഇന്റർനാഷണൽ ഏജൻസി ഫോർ റിസേർച്ച് ഓൺ ക്യാൻസർ മുന്നറിയിപ്പ് നൽകുന്നതായും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു.